ഇഷ്‌ക് - Pwoli of the India👌😍
സമീപ കാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് ഏവരെയും ഞെട്ടിച്ച നടനാണ് ഷെയിൻ നിഗം.
പറവയിലെ ഷെയിൻ, ഈടയിലെ ആനന്ദ് പിന്നെ കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി എന്നീ മികച്ച കഥാപാത്രങ്ങൾക്ക് ശേഷം ഷെയിന് ലഭിച്ച മറ്റൊരു തകർപ്പൻ കഥാപാത്രമാണ് ഇഷ്‌കിലെ സച്ചി.
നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്തിരിക്കുന്ന ഇഷ്കിൽ ആൻ ശീതൾ ആണ് നായിക.
മുകേഷ് ആർ മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവി ആണ്.
ഒരു പ്രണയ കഥ അല്ല എന്ന ടാഗ് ലൈനിൽ പ്രദർശനത്തിന് എത്തിയ ഇഷ്‌ക് സമൂഹത്തിൽ നടക്കുന്ന ഒരു ഗൗരവമേറിയ വിഷയത്തെ ശക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഷെയിൻ, ആൻ ശീതൾ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, മാല പാർവതി, ജാഫർ ഇടുക്കി, സ്വാസിക എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.
സച്ചിയും വസുധയും നല്ല കട്ട പ്രണയത്തിലാണ്.
സച്ചി തന്റെ പ്രണയത്തെ പറ്റി അമ്മയോട് പറയുന്ന മനോഹരമായ ആദ്യ രംഗങ്ങളിൽ തന്നെ പ്രേക്ഷകനെ സിനിമ ആകർഷിക്കുന്നുണ്ട്.
സച്ചിയുടെയും വസുധയുടെയും ഒരു രാത്രി യാത്ര അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന കഥയാണ് ഇഷ്‌ക് പറയുന്നത്.
സദാചാര പോലീസിങ്ങിന്റെ ഏറ്റവും ക്രൂരമായ ഒരു അനുഭവം അവർക്ക് ആ രാത്രി നേരിടേണ്ടി വരുന്നു.
ആ രാത്രി അവർ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടുമെന്ന് തീർച്ചയാണ്.
അവരുടെ ജീവിതത്തിലെ സന്തോഷങ്ങൾ മുഴുവനും ആ രാത്രി തല്ലികെടുത്തുന്നു.
തുടർന്ന് തനിക്കും വസുധയ്ക്കും നേരിട്ട ക്രൂരമായ മാനസിക പീഡനത്തിന് മറുപടി കൊടുക്കുവാൻ സച്ചി തീരുമാനിക്കുന്നു.
സദാചാര പോലീസിങ്ങിന് ഇറങ്ങിത്തിരിക്കുന്നവർക്കും കുടുംബമുണ്ടെന്നും ആ കുടുംബത്തെ തൊട്ടാൽ ഉണ്ടാകുന്ന വേദന എന്താണെന്നും ബോധ്യപ്പെടുത്തി തരുന്ന സിനിമയാണ് ഇഷ്‌ക്.
ആദ്യമേ തന്നെ ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹറിന് ഒരു വലിയ കയ്യടി.
ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകന് ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയില്ല.
അവസാന രംഗം വരെ ചങ്കിടിപ്പോടു കൂടിയേ ചിത്രം കാണാൻ കഴിയുകയുള്ളു.
അത്രയ്ക്കും മികച്ച ഒരു ത്രില്ലർ ആയി അനുരാജ് ചിത്രം ഒരുക്കിയിട്ടുണ്ട്.
രണ്ടാം പകുതിയിലെ ചില രംഗങ്ങളിൽ നമ്മൾ അറിയാതെ എഴുന്നേറ്റു നിന്ന് കയ്യടിച്ചുപോകും. ക്ലൈമാക്സ് ട്വിസ്റ്റും നന്നായിരുന്നു.
ഷെയിൻ നിഗം ഒരിക്കൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞത് ഷൈൻ ടോം ചാക്കോ ആയിരുന്നു. ഷൈനിനെ തീയറ്ററിൽ വച്ച് കിട്ടിയാൽ ഉറപ്പായും തല്ലുമായിരുന്നു. അത്രയ്ക്കും മികച്ച രീതിയിൽ ആൽവിൻ എന്ന സദാചാര പോലീസ് ആയി ഷൈൻ തിളങ്ങി.
ആദ്യ പകുതിയിൽ നിസ്സഹായനായ കാമുകനേയും രണ്ടാം പകുതിയിലെ പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ച നായകനായും ഷെയിൻ വിസ്മയിപ്പിച്ചു.
ആൻ ശീതൾ വസുധ ആയി നല്ല പ്രകടനം കാഴ്ച വച്ചു.
ആൽവിന്റെ ഭാര്യ മരിയ ആയി എത്തിയ ലിയോണയും മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.
അങ്കിൾ, വരത്തൻ എന്നീ സിനിമകളിൽ സമാന പ്രമേയത്തെ വ്യത്യസ്തമായി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകന് സ്വയം റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിലാണ് ഇഷ്‌ക് ഈ വിഷയം പറയുന്നത്.
സദാചാര പോലീസിങ്ങിന്റെ ഭീകര വശവും അതിന്റെ പ്രതികാരവും ആണ് ഇഷ്‌കിന്റെ മുഖ്യ വിഷയം എങ്കിലും മറ്റുള്ളവരെ തിരുത്താൻ ശ്രമിക്കുമ്പോഴും മാറേണ്ടത് നമ്മൾ ഓരോരുത്തരും കൂടിയാണ് എന്ന പ്രസക്തമായ ചിന്തയും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.
ആദ്യാവസാനം പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടുന്ന ഒരു ത്രില്ലെർ സിനിമ എന്നതിനൊപ്പം പ്രാധാന്യം അർഹിക്കുന്ന ഒരു വലിയ വിഷയം കൂടി ചർച്ച ചെയുന്ന ഒരു മികച്ച സിനിമയാണ് ഇഷ്‌ക്.
മിഥുൻ മഹേഷ്
Comments
Post a Comment