Sarkar Movie Review
സർക്കാർ Review
വിജയ് നായകൻ ആകുന്ന ദീപാവലി ചിത്രമാണ് സർക്കാർ.
തുപ്പാക്കി, കത്തി, സ്പൈഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം A R മുരുഗദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക.
വരലക്ഷ്മി ശരത്കുമാർ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
A R റഹ്മാൻ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
അങ്കമാലി ഡയറീസ് ,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.തന്റെ സിനിമകളുടെ കഥ തിരഞ്ഞെടുക്കുമ്പോൾ സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയം കൂടി പറയാൻ വിജയ് ശ്രമിക്കാറുണ്ട്.
കാർഷിക രംഗത്തെ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയ കത്തിയും വിദ്യാഭ്യാസ രംഗത്തെ അഴിമതിയെകുറിച്ച് പറയുന്ന ഭയ്രവ യും ഒടുവിലായി മെഡിക്കൽ രംഗത്തെ ചൂഷണത്തെ പറ്റി പറഞ്ഞ മെർസലും ഉദാഹരണങ്ങൾ ആണ്.
നാടിനെ സേവിക്കേണ്ട അധികാരികൾ തങ്ങളുടെ പദവി ദുർവിനിയോഗം ചെയ്യുന്നതിനെ പറ്റിയും വോട്ടവകാശത്തെ പറ്റിയും ഒക്കെയാണ് സർക്കാർ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്.
ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആണ് ചിത്രം.
കോർപ്പറേറ്റ് മേഖലയിൽ അജയ്യനായ സുന്ദർ രാമസ്വാമി മറ്റ് കമ്പനികൾക്ക് പേടി സ്വപനമാണ്. സുന്ദർ ഒരു രാജ്യത്ത് ചെന്നാൽ അവിടത്തെ എതിർ കമ്പനികളെ തകർത്ത് തരിപ്പണമാക്കിയേ തിരിച്ചു പോരൂ.. അത് കൊണ്ട് തന്നെ കോർപ്പറേറ്റ് ക്രിമിനൽ എന്നാണ് അദ്ദേഹത്തെ മറ്റുള്ളവർ വിശേഷിപ്പിക്കുന്നത് തന്നെ.
അങ്ങനെയുള്ള സുന്ദർ രാമസ്വാമി തന്റെ ജന്മനാടായ തമിഴ്‌നാട്ടിലേക്ക് വരുന്നു. ഇതറിയുന്ന അവിടെയുള്ള കോർപ്പറേറ്റ് കമ്പനികൾ ഭയപ്പെടുന്നുവെങ്കിലും സുന്ദർ എത്തിയിരിക്കുന്നത് തന്റെ വോട്ടവകാശം രേഖപെടുത്താനാണെന്നു അറിഞ്ഞതോടെ ആശ്വസിക്കുന്നു.
എന്നാൽ പോളിംഗ് ബൂത്തിൽ എത്തുന്ന സുന്ദർ അറിയുന്നു തന്റെ വോട്ട് ആരോ കള്ള വോട്ട് ചെയ്തു എന്ന്.
സുന്ദർ തമിഴ്നാട് ഇലക്ഷന് കമ്മീഷന് പരാതി നൽകുന്നു. തുടർന്ന് നിയമ പോരാട്ടത്തിനൊടുവിൽ സുന്ദറിന് വേണ്ടി റീ ഇലക്ഷന് നടത്താൻ കോടതി ഉത്തരവിടുന്നു.
ഇത് മാസിലാമണി എന്ന അഴിമതിക്കാരനായ രാഷ്ട്രീയ നേതാവിന് മുന്നിൽ സുന്ദറിനെ ശത്രുവാക്കുന്നു.
മാസിലാമണിയും അനുജൻ മലർവണ്ണനും ചേർന്ന് സുന്ദറിനെ അപായപ്പെടുത്താൻ ശ്രമിക്കുന്നു.
തുടർന്ന് മാസിലാമണിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുന്ദർ തീരുമാനിക്കുന്നു .ഈ തീരുമാനം മാസിലാമണിയേയും കൂട്ടരെയും ഞെട്ടിക്കുന്നു. തുടർന്ന് ഇരു കൂട്ടരും തമ്മിലുള്ള വാശിയേറിയ പോരാട്ടം ആണ് ചിത്രം പറയുന്നത്.
സുന്ദർ രാമസ്വാമിയായി വിജയ് തകർത്തഭിനയിച്ചു.
ആക്ഷൻ രംഗങ്ങളിലടക്കം ഗംഭീര പ്രകടനമായിരുന്നു വിജയുടേത്.
പാലാ കറുപ്പയ്യ യാണ് മാസിലാ മണി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് . വിജയ് ക്ക് ഒപ്പം വില്ലനായി പിടിച്ച് നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
മലർവണ്ണൻ ആയി രാധാരവി നന്നായിട്ടുണ്ട്.
കീർത്തി സുരേഷ് ആണ് നായിക. വിജയ്‌ക്കൊപ്പം നായികയായി നിൽക്കുന്നു എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാൻ കീർത്തിക്ക് ഉണ്ടായില്ല.
രണ്ടാം പകുതിയിൽ വരുന്ന മാസിലാമണിയുടെ മകൾ കോമളവല്ലി ആയി വരലക്ഷ്മി ശരത്കുമാർ മികച്ച പ്രകടനമായിരുന്നു.
ഏതാനും സീനുകളിൽ മാത്രം എത്തിയ യോഗി ബാബുവും നന്നായി .
വിജയ് യുടെ ഒറ്റയാൾ പ്രകടനമാണ് സിനിമയെ ഒരു പരിധി വരെ മുന്നോട്ട് നയിക്കുന്നത്.. രണ്ടാം പകുതിയിൽ വരലക്ഷ്മിയുടെ വരവോടെയാണ് സിനിമയ്ക്ക് വേഗത കൈവരുന്നത് .
A R മുരുഗദാസിന്റെ തുപ്പാക്കിയുടെയും കത്തിയുടെയും അത്ര എത്തിയില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു വിജയ് ചിത്രം തന്നെയാണ് സർക്കാർ.
മിഥുൻ മഹേഷ്
Comments
Post a Comment