സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സൂഫിയും സുജാതയും.
കരി എന്ന പ്രഥമ ചിത്രത്തിലൂടെ ശ്രദ്ധേയനായ നാറാണിപുഴ ഷാനവാസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നേരിടുന്നത് കൊണ്ട് ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ആയിരിക്കുന്നത്.
പ്രജാപതി എന്ന രഞ്ജിത്ത് മമ്മൂട്ടി സിനിമയിലൂടെ അരങ്ങേറി പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം താരമായ അദിതി റാവു ഹൈദാരി ആണ് ചിത്രത്തിൽ സുജാത എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.
ജയസൂര്യ, പുതുമുഖം ദേവ് മോഹൻ, സിദ്ധിക്ക്, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
അതിഥി താരമായി ഹരീഷ് കണാരനും എത്തുന്നുണ്ട്.
പേര് പോലെ തന്നെ സൂഫിയുടെയും സുജാതയുടെയും പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഗുരുവിന്റെ കബർ ദർശിക്കാൻ എത്തുന്ന സൂഫിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്.
പിന്നീട് ഫ്ലാഷ് ബാക്ക്ലൂടെ ചിത്രം സൂഫിയുടെയും സുജാതയുടെയും പ്രണയകഥ പറഞ്ഞു തുടങ്ങുന്നു.
കവിത പോലെ മനോഹരമായ അവരുടെ അനശ്വര പ്രണയ കഥ.
സൂഫിസവും ജിന്ന് പള്ളിയും വാങ്ക് വിളികളും കൊണ്ട് പുതുമയാർന്ന അനുഭവം ചിത്രം സമ്മാനിക്കുന്നുണ്ട്.
നോൺ ലീനിയർ ശൈലിയിൽ കഥ പറയുന്ന ചിത്രം മികച്ച രീതിയിൽ തന്നെ സംവിധായാകൻ ഒരുക്കിയിട്ടുണ്ട്.
എം ജയചന്ദ്രന്റ സംഗീതമാണ് എടുത്തു പറയേണ്ടത്.
മ്യൂസിക്കൽ ലവ് സ്റ്റോറി ആയ ചിത്രത്തെ ഏറ്റവും മനോഹരമാക്കുന്നതും സംഗീതം തന്നെയാണ്.
ഊമയായ നായികയുടെ പ്രണയവും മനോവിചാരങ്ങളും മനോഹരമായ പശ്ചാത്തല സംഗീതത്തിലൂടെയാണ് അവതരിപ്പിക്കപെട്ടിരിക്കുന്നത്.
അനു മൂത്തേടത്ത് ഒരുക്കിയ ക്യാമറ കാഴ്ചകൾ അതി മനോഹരമായിരുന്നു.
ഊമയായ സുജാതയെ സൂക്ഷ്മ ഭാവങ്ങൾ കൊണ്ട് ഏറെ മികവുറ്റതാക്കുന്നുണ്ട് അദിതി.
സൂഫി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് മോഹനും മികച്ചു നിൽക്കുന്നുണ്ട്.
ഒരു പ്രധാന വേഷത്തിൽ എത്തുന്ന ജയസൂര്യയും മികച്ച പ്രകടനം ആവർത്തിക്കുന്നുണ്ട്.
പുതുമുഖം നായകനാകുന്ന സിനിമയിൽ നെഗറ്റീവ് ടച്ച് ഉള്ള വേഷം ചെയ്യാനുള്ള ജയസൂര്യ യുടെ തീരുമാനം അഭിനന്ദനം അർഹിക്കുന്നു.
സിദ്ധിക്ക്, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി തുടങ്ങി മറ്റ് നടീനടന്മാരും നല്ല പ്രകടനമായിരുന്നു.
ഒരു മികച്ച പ്രണയ സിനിമയാണ് സൂഫിയും സുജാതയും എങ്കിലും എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെടണം എന്നില്ല.
മനോഹരമായ സംഗീതം കൊണ്ടും ക്യാമറ കാഴ്ചകൾ കൊണ്ടും പുതുമയാർന്ന അവതരണം കൊണ്ടും കഥാപശ്ചാത്തലം കൊണ്ടും നല്ല പ്രകടനങ്ങൾ കൊണ്ടും മികച്ച ഒരു അനുഭവം ചിത്രം സമ്മാനിക്കുന്നുണ്ട്.
മിഥുൻ മഹേഷ്
Comments
Post a Comment