ആകാംക്ഷയുടെ മുൾമുനയിൽ- അഞ്ചാം പാതിരാ

യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് അഞ്ചാം പാതിരാ.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമ ഒരു  Investigation Thriller കഥയാണ് പറയുന്നത്.
ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ, ഹരികൃഷ്ണൻ, ഇന്ദ്രൻസ്, ദിവ്യ ഗോപിനാഥ്, ജാഫർ ഇടുക്കി, മാത്യു തോമസ് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റ്  ന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.
പോലീസ് ഇൻവെസ്റ്റിഗേഷന്റെ ഭാഗമാകുക എന്നത് അൻവറിന്റെ ആഗ്രഹമായിരുന്നു .
സുഹൃത്തും പോലീസ് ഓഫീസറുമായ അനിൽ വഴി അത് സാധ്യമാകുന്നു.
അങ്ങനെയിരിക്കെ നഗരത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുന്നു. അതും അതി ക്രൂരമായി.
ആ കൊലപാതകം അന്വേഷിക്കുന്ന ഇൻവെസ്റ്റിഗേഷൻ ടീമിലേക്ക് അൻവറും ചേരുന്നു.
തുടർന്നുള്ള ദിവസത്തിലും കൊലപാതകം നടക്കുന്നതോടെ ഒരു സീരിയൽ കൊലപാതകി ആണ് കൃത്യങ്ങൾക്ക് പിന്നിൽ എന്ന് ഉറപ്പിക്കുന്നു.
തുടർന്നുള്ള ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ ത്രില്ലടിപ്പിക്കുന്നതാണ്.
Spoiler ആയത്കൊണ്ട് കൂടുതൽ കഥ വിവരിക്കുക സാധ്യമല്ല.

ആദ്യാവസാനം സസ്പെൻസ് നിലനിർത്തി കഥ പറയുന്നത് കൊണ്ട് തന്നെ ആകാംക്ഷയുടെ മുൾ മുനയിലെന്ന വണ്ണമാണ് നമ്മൾ സിനിമ കാണുന്നത്.
പതിവു ത്രില്ലെർ കഥകളിലെന്ന പോലെ അതിബുദ്ധിമാനും ശക്തനുമായ നായക കഥാപാത്രമല്ല അൻവർ ഹുസൈൻ.
വീണ് കിട്ടുന്ന ചില തുമ്പുകളിൽ പിടിച്ചാണ് അൻവറിന്റെ അന്വേഷണം നീങ്ങുന്നത്.
കൊലയാളി ആരാണെന്നത് പ്രേക്ഷകർക്ക് ഒട്ടും പ്രവചിക്കാൻ കഴിയാത്ത വിധമാണ് മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
താൻ ഇതുവരെ ചെയ്തിട്ടുള്ള കോമഡി, ഫീൽഗുഡ് സിനിമകളിൽ നിന്നുമാറി ആദ്യമായാണ് മിഥുൻ മാനുവൽ ഒരു ത്രില്ലെർ സിനിമയുമായി വരുന്നത്.
അത് വളരെ നന്നായി തന്നെ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കുഞ്ചാക്കോ ബോബൻ അൻവർ ഹുസൈൻ ആയി നല്ല പ്രകടനമായിരുന്നു.
അദ്ദേഹം ഇത് വരെ ചെയ്യാത്ത തരത്തിലുള്ള ഒരു  കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
അതുപോലെ ഉണ്ണിമായ പ്രസാദും നല്ല പ്രകടനമായിരുന്നു.
ശ്രീനാഥ് ഭാസിയും നല്ല പ്രകടനമായിരുന്നു.
ത്രില്ലടിച്ചിരിക്കുന്നതിനിടയിലും ശ്രീനാഥിന്റെ ചില കൗണ്ടറുകൾ നമ്മളെ രസിപ്പിക്കുന്നുണ്ട്.
സീനുകൾ കുറവാണെങ്കിലും ഇന്ദ്രൻസ്, മാത്യു തോമസ് എന്നിവരുടെ പ്രകടനവും നന്നായിരുന്നു.
സസ്പെൻസ് ഉള്ളത്കൊണ്ട് കൂടുതൽ കഥാപാത്രങ്ങളെ എടുത്തു പറയുക സാധ്യമല്ല.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഷൈജു ഖാലിദ് ന്റെ ക്യാമറ മികവും എടുത്തു പറയേണ്ടതാണ്.
രാത്രി കാഴ്ചകളൊക്കെ മികച്ച രീതിയിൽ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

ത്രില്ലെർ സിനിമകളുടെ പൊതുവായ ശൈലിയിൽ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ പറച്ചിൽ.
പക്ഷേ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക എന്ന ഉദ്യമത്തിൽ അഞ്ചാം പാതിരാ പൂർണമായും വിജയിച്ചിട്ടുണ്ട്.
സിനിമ കാണുന്ന പ്രേക്ഷകന് പ്രവചിക്കാൻ കഴിയാത്ത രീതിയിൽ തന്നെയാണ് സിനിമ സഞ്ചരിക്കുന്നതും.
അഞ്ചാം പാതിരാ ഉയർന്ന നിലവാരത്തിലുളള  മികച്ച ഒരു ത്രില്ലെർ സിനിമയാണ്.
ഏറ്റവും മികച്ച ത്രില്ലെർ സിനിമകളുടെ നിരയിൽ  ഇനി മുതൽ അഞ്ചാം പാതിരായും ഇടം പിടിക്കും.
മികച്ച ത്രില്ലെർ സിനിമ മാത്രമല്ല ഈ അടുത്ത കാലത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് അഞ്ചാം പാതിരാ.
ധൈര്യമായി ടിക്കറ്റ് എടുക്കാം.അഞ്ചാം പാതിരാ ആദ്യാവസാനം നിങ്ങളെ ത്രില്ലടിപ്പിക്കും തീർച്ച.

മിഥുൻ മഹേഷ്‌


Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer