Darbar - Thalaivar Mass

തലൈവർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദർബാർ ഇന്ന് തീയറ്ററുകളിൽ എത്തി.
ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ എ ആർ മുരുകദാസ്  തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് നായികയാകുന്നത്.

സുനിൽ ഷെട്ടി ശക്തമായ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.
 നിവേദ തോമസ്, യോഗി ബാബു, പ്രതീക് ബബ്ബാർ, ജതിൻ സർന, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
സന്തോഷ്‌ ശിവൻ ഛായാഗ്രഹണവും അനിരുദ്ധ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന സിനിമ തലൈവരുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്.
ആദിത്യൻ അരുണാചലം എന്ന മുംബൈ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലാണ് രജനി എത്തുന്നത്.
ആരെയോ തേടി സിറ്റിയിലെ സകല ക്രിമിനലുകളെയും വെറി പിടിച്ചു എൻകൗണ്ടർ ചെയ്യുന്ന ആദിത്യൻ രാഘവനിൽ നിന്നുമാണ് ചിത്രം തുടങ്ങുന്നത്.
തുടർന്ന് ഫ്ലാഷ് ബാക്കിലൂടെ അദ്ദേഹത്തിന്റെ മുൻകാല ജീവിതം കാണിക്കുന്നു.

മുംബൈ സിറ്റി പോലീസ് കമ്മീഷണർ ആയി ചാർജ് ഏറ്റെടുക്കുന്ന ആദിത്യൻ അരുണാചലം ക്രിമിനലുകളുടെ പേടി സ്വപ്നമാണ്.
അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിത്തിലെ സംഭവങ്ങൾ കാണിക്കുന്നതിനോടൊപ്പം കുടുംബ ജീവിതത്തെയും ചിത്രം കാണിക്കുന്നുണ്ട്.
ഏക മകൾ വള്ളിയോടുള്ള സ്നേഹവും അവിചാരിതമായി കണ്ടുമുട്ടുന്ന ലില്ലിയോടുള്ള പ്രണയവും ഒക്കെ ചിത്രം പറയുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമപ്പെടുത്തി പീഡിപ്പിക്കുന്ന ഒരു ക്രിമിനലിനെ ആദിത്യൻ അറസ്റ്റ് ചെയ്യുന്നതും തുടർന്ന് അധോലോക നേതാക്കളുമായി ഉണ്ടാകുന്ന ഏറ്റുമുട്ടലുകളെ കുറിച്ചുമാണ് ചിത്രം പറയുന്നത്.

പോലീസ് സേനയ്ക്ക് ഒരു tribute നൽകുന്നുണ്ട് ചിത്രം.
നിയമം സംരക്ഷിക്കുവാൻ ജീവൻ മറന്ന് പോരാടുന്ന പോലീസ് സേന നേരിടുന്ന പ്രശ്നങ്ങൾ സിനിമ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

തലൈവർ രജനികാന്ത് അടിമുടി നിറഞ്ഞാടിയിട്ടുണ്ട് ചിത്രത്തിൽ.
ആക്ഷൻ രംഗങ്ങളിലും മാസ്സ് രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലും പ്രണയ രംഗങ്ങളിലുമെല്ലാം തലൈവർ തകർത്തഭിനയിച്ചിട്ടുണ്ട്.
തലൈവർ വൺ മാൻ ഷോ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത്.
പ്രായം വെറും നമ്പർ മാത്രമാണെന്ന് രജനി സാർ ഒരിക്കൽ കൂടി തെളിയിച്ച സിനിമയാണ് ദർബാർ.

താരതമ്യേന പ്രാധാന്യം കുറവാണെങ്കിലും ലില്ലി എന്ന നായിക കഥാപാത്രമായി എത്തിയ നയൻ താരയും നന്നായിരുന്നു.
എടുത്തു പറയേണ്ടത് മകൾ വള്ളി ആയി എത്തിയ നിവേദ തോമസിന്റെ പ്രകടനമായിരുന്നു.
രണ്ടാം പകുതിയിൽ വരുന്ന ഇമോഷണൽ സീനിൽ വളരെ നന്നായിരുന്നു നിവേദ.
വില്ലൻ കഥാപാത്രമായി എത്തിയ സുനിൽ ഷെട്ടി ചുരുങ്ങിയ രംഗങ്ങളിലൂടെ തന്റെ മികവ് വെളിപ്പെടുത്തുന്നുണ്ട്.

പേട്ടയുടെ വൻ വിജയത്തിന് ശേഷം എത്തുന്ന രജനി ചിത്രം എന്നത് കൊണ്ട് തന്നെ രജനി ആരാധകരുടെ  പ്രതീക്ഷ വാനോളമായിരുന്നു.
എന്നാൽ ആരാധകർക്ക് തകർത്ത് ആഘോഷിക്കാനുള്ള അവസരം തന്നെ എ ആർ മുരുകദാസ് ഒരുക്കിയിട്ടുണ്ട്.
വളരെ മികച്ച രീതിയിൽ തന്നെ മുരുകദാസ് ചിത്രം ഒരുക്കിയിട്ടുണ്ട്.
രജനി സാറിനു അരങ്ങു തകർക്കാൻ പറ്റിയ തിരക്കഥയും മുരുകദാസ് ഒരുക്കി.
കണ്ടു മറന്ന കഥാ പശ്ചാത്തലം തന്നെയാണെങ്കിലും ഒട്ടും ബോറടിക്കാതെ ആഘോഷത്തോടെ തന്നെ ചിത്രം കാണാം.

സന്തോഷ്‌ ശിവന്റെ ക്യാമെറാ മികവും അനിരുദ്ധിന്റെ ത്രസിപ്പിക്കുന്ന സംഗീതവും ചിത്രത്തിന്റെ മറ്റ് മികച്ച വശങ്ങൾ ആണ്.
ചുമ്മാ കിഴി പാട്ടിനൊക്കെ നല്ല റെസ്പോൺസ് ആയിരുന്നു തീയറ്ററിൽ.

രജനികാന്ത് സിനിമകൾക്ക് നമ്മൾ ടിക്കറ്റ് എടുക്കുന്നത് ഒത്തിരി പ്രതീക്ഷകളോടെയായിരിക്കും.
ആ പ്രതീക്ഷകൾക്കുമപ്പുറം വളരെ മികച്ച ഒരു സിനിമ തന്നെയാണ് ദർബാർ.

മിഥുൻ മഹേഷ്‌


Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer