അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌
അനാർക്കലി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത് പ്രിത്വിരാജും ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് അയ്യപ്പനും കോശിയും.
അയ്യപ്പൻ, കോശി എന്നീ തുല്യ ശക്തികളുടെ വാശിയേറിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.സംവിധായകൻ രഞ്ജിത്ത്, പി എം ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
രഞ്ജിത്ത് ചിത്രത്തിൽ ഒരു പ്രധാന വേഷവും ചെയ്തിട്ടുണ്ട്.
അനിൽ നെടുമങ്ങാട്, അനു മോഹൻ, സാബു മോൻ, ഷാജു, ജോണി ആന്റണി, അന്ന രേഷ്മ രാജൻ, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
കട്ടപ്പനയിലെ അതി സമ്പന്നനും പ്രമാണിയുമായ കുര്യൻ ജോണിന്റെ മകനാണ് കോശി.
റിട്ടയേർഡ് ഹവീൽദാർ ആയ കോശിയും സമ്പന്നനും ഉന്നതങ്ങളിൽ സ്വാധീനം ഉള്ളവനുമാണ്.
അർധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയിൽ വെച്ച് മദ്യലഹരിയിലുള്ള കോശിയെ 12 കുപ്പി മദ്യം കൈവശം വെച്ചതിന് പോലീസും എക്സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്യുന്നു. പ്രമാണിയും മുൻ ഹവിൽദാറുമായ കോശി പോലീസിനെതിരെ ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയും ചെയ്യുന്നു. ഇതിനെ എതിർക്കുന്ന സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായർ കോശിയെ അറസ്റ്റ് ചെയ്യുന്നു.
അറസ്റ്റിലാകുന്ന കോശിയുടെ മനസ്സിൽ അയ്യപ്പൻ നായരോടുള്ള പക ഉടലെടുക്കുന്നു. കോശി അയ്യപ്പനെ മറ്റൊരു കേസിൽ കുടുക്കുന്നു.
അയ്യപ്പൻ നായർക്ക് ജോലി നഷ്ടപ്പെടുന്നു.
സത്യസന്ധമായി ജോലി ചെയ്യുന്ന 27 വർഷത്തെ സർവീസുള്ള അയ്യപ്പൻ നായർ നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സ്വന്തം ഭാര്യയ്ക്കെതിരെ പരാതി വന്നപ്പോൾ പോലും മുഖം നോക്കാതെ നടപടിയെടുത്ത ഓഫീസറാണ് അയ്യപ്പൻ.
ജോലി നഷ്ടപ്പെട്ട അയ്യപ്പൻ നായർ കോശിക്കെതിരെ കളത്തിൽ ഇറങ്ങുന്നു.
തുടർന്നുളള ഇരുവരുടെയും വാശിയേറിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
കോശി ആയി പ്രിത്വിരാജും അയ്യപ്പൻ ആയി ബിജു മേനോനും തകർത്തഭിനയിച്ചിട്ടുണ്ട്.
ഇരുവരുടെയും മത്സരാഭിനയം തന്നെയാണ് ചിത്രത്തിന്റ ഹൈലൈറ്റ്.
ആദ്യ പകുതി പ്രിത്വിരാജ് കളം നിറഞ്ഞപ്പോൾ രണ്ടാം പകുതിയിൽ പലയിടത്തും ബിജു മേനോൻ ആണ് സ്കോർ ചെയ്യുന്നത്.
പ്രകടനത്തിൽ ബിജു മേനോൻ തന്നെയാണ് മുന്നിൽ.
എടുത്തു പറയേണ്ടത് കുര്യൻ ജോൺ ആയി എത്തിയ രഞ്ജിത്തിന്റെ പ്രകടനമാണ്.
കയ്യടക്കത്തോടെ തന്നെ രഞ്ജിത്ത് കുര്യനെ അവതരിപ്പിച്ചിട്ടുണ്ട്.
അയ്യപ്പന്റെ ഭാര്യ കണ്ണമ്മയായി എത്തിയ ഗൗരി നന്ദയും പ്രകടനം കൊണ്ട് ഞെട്ടിക്കുന്നുണ്ട്.
അനിൽ നെടുമങ്ങാട്, അനു മോഹൻ, സാബു മോൻ, ജോണി ആന്റണി തുടങ്ങി അഭിനേതാക്കൾ എല്ലാവരും നല്ല പ്രകടനമായിരുന്നു.
ആദ്യാവസാനം അയ്യപ്പൻ കോശി പോരാട്ടത്തിന്റെ കഥ പറയുമ്പോഴും ഒട്ടും വിരസമാക്കാതെ വളരെ ത്രില്ലിംഗ് ആയി സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത് സച്ചിയുടെ കരുത്തുറ്റ തിരക്കഥ തന്നെയാണ്.
സംവിധായകൻ ആകുമ്പോഴും തന്റെ ജോലി നൂറ് ശതമാനം മികച്ചതാക്കിയിട്ടുണ്ട് സച്ചി.
മികച്ച അവതരണമായിരുന്നു ചിത്രത്തിന്റേത്.
സുദീപ് എളമണിന്റെ ഛായാഗ്രഹണം മികച്ചു നിന്നു.
ജേക്ക്സ് ബിജോയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന് അനുയോജ്യമായിരുന്നു.
രണ്ട് പേരുടെ പോരാട്ടം വിഷയമാക്കുമ്പോഴും അത് ഉന്നതങ്ങളിൽ സ്വാധീനം ഉള്ളവന്റെയും അത് ഇല്ലാത്തവന്റെയും പോരാട്ടം കൂടിയായി സച്ചി കാണിച്ചു തരുന്നു.
ആരാണ് നായകൻ ആരാണ് വില്ലൻ എന്നത് പ്രേക്ഷകരെ കുഴപ്പിക്കുമെങ്കിലും പലപ്പോഴും നമ്മളെ മനസ്സുകൊണ്ട് അയ്യപ്പൻ നായർക്ക് ഒപ്പം നിർത്തുന്നുണ്ട്.
ഒറ്റ വാക്കിൽ പറഞ്ഞാൽ ആദ്യാവസാനം ത്രില്ലടിച്ച് കാണാവുന്ന മികച്ച ഒരു സിനിമയാണ് അയ്യപ്പനും കോശിയും.
എല്ലാത്തരം പ്രേക്ഷകർക്കും നന്നായി ആസ്വദിക്കുവാൻ കഴിയുന്ന ചിത്രം ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ്.
അതുകൊണ്ട് തന്നെ ധൈര്യമായി ചിത്രത്തിന് ടിക്കറ്റ് എടുക്കാം.
അഭിപ്രായം വ്യക്തിപരം
മിഥുൻ മഹേഷ്
Comments
Post a Comment