വിജയും പൗർണ്ണമിയും ശരിക്കും സൂപ്പർ

   വിജയ് സൂപ്പറും പൗർണമിയും

ജിസ് ജോയ് എന്ന സംവിധായകൻ നമുക്ക് എല്ലാവർക്കും സുപരിചിതനാണ്.
അറിയപ്പെടുന്ന പരസ്യ സംവിധായകൻ എന്ന നിലയിലും അല്ലു അർജുന്റെ മലയാളം ശബ്ദത്തിലൂടെയുമൊക്കെ ഇദ്ദേഹം നമുക്ക് പരിചിതനാണ് .
ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ സിനിമകൾക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത് സിനിമയാണ് "വിജയ് സൂപ്പറും പൗർണമിയും".
കഴിഞ്ഞ രണ്ട് സിനിമകളിലെയും നായകനായ ആസിഫ് അലിയെ തന്നെയാണ് ജിസ് ജോയ് ഇത്തവണയും നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് പൗർണമി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .
സിദ്ധിക്ക്,രെഞ്ചി പണിക്കർ,ബാലു വർഗീസ്,അജു വർഗീസ്,ജോസഫ് അന്നംകുട്ടി ജോസ്,ദേവൻ,ശാന്തി കൃഷ്ണ,KPAC ലളിത,ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ബിടെക് ഒക്കെ കഴിഞ്ഞ് യാതൊരു ലക്ഷ്യബോധവും ഇല്ലാതെ വിജയുടെ ജീവിതം മുന്നോട്ട് പോകുകയാണ്.
പൗർണമിയാകട്ടെ രണ്ട് ബിസിനസ്‌ സംരംഭങ്ങൾ പൊളിഞ്ഞിട്ടും അതിൽ തളരാതെ പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് യാത്ര ചെയ്യുകയാണ് .
വിജയുടെ കുടുംബത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കടബാധ്യത വീട്ടുന്നതിനായി സ്ത്രീ ധനം വാങ്ങി വിവാഹം കഴിക്കുക എന്ന തീരുമാനത്തിലേക്ക് അവൻ എത്തപ്പെടുന്നു .
തുടർന്ന് ഒരു പെണ്ണുകാണൽ ചടങ്ങിൽ വച്ച് വിജയും പൗർണമിയും കണ്ട് മുട്ടുന്നു .
വ്യത്യസ്ത ധ്രുവങ്ങളിലായിരുന്ന അവർ ഒരേ ലക്ഷ്യത്തിലേക്ക് എത്തിചേരുന്നു .
പിന്നീടുണ്ടാകുന്ന ചില തിരിച്ചറിവുകളിലൂടെ അവരുടെ മനസ്സുകൾ ഒരേ ദിശയിലേക്ക് സഞ്ചരിക്കുവാൻ തുടങ്ങുന്നു .

ഒറ്റ വാക്കിൽ പറഞ്ഞാൽ ഹൃദ്യമായൊരു അനുഭവമാണ് വിജയ് സൂപ്പറും പൗർണമിയും .
പ്രേക്ഷകരിലേക്ക് ഒരു പോസിറ്റിവിറ്റി പകർന്ന് നൽകുന്നുണ്ട് സംവിധായകൻ.
അതിമനോഹരമായി ജിസ് ജോയ് ചിത്രം അവതരിപ്പിച്ചിട്ടുണ്ട്  .
പെല്ലി ചൂപ്പുലു എന്ന തെലുഗു ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജിസ് ജോയ് തിരക്കഥ രചിച്ചിരിക്കുന്നത് .
ഹൃദയത്തെ സ്പർശിക്കുന്ന  നല്ല ഒരുപിടി  രംഗങ്ങൾ സിനിമയിലുണ്ട്.
വിജയുടെയും പൗർണമിയുടെയും  പ്രണയം പോലും അതിമനോഹരമാണ് .
ഐശ്വര്യ ലക്ഷ്മി പൗർണമി എന്ന കഥാപാത്രത്തെ ഉജ്വലമാക്കിയിട്ടുണ്ട്.
ആസിഫ് അലിയും വളരെ നന്നായി വിജയെ അവതരിപ്പിച്ചിട്ടുണ്ട്  .
മറ്റ് അഭിനേതാക്കളും അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട് .
ഛായാഗ്രഹണം സംഗീതം തുടങ്ങി സാങ്കേതിക വശങ്ങളും നല്ല നിലവാരം പുലർത്തി .
അശ്ലീലമോ ദ്വയാർത്ഥമോ ഇല്ലാത്ത ചിരി വിടർത്തുന്ന നല്ല ഹാസ്യ രംഗങ്ങളും ചിത്രത്തിലുണ്ട് .
മൊത്തത്തിൽ കുടുംബവുമായി കാണാൻ പറ്റിയ വളരെ നല്ല ഒരു സിനിമാ അനുഭവമാണ് വിജയ് സൂപ്പറും പൗർണമിയും .
വിജയും പൗർണമിയും ശരിക്കും സൂപ്പറാണ് .

മിഥുൻ മഹേഷ്‌




Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer