ലൂസിഫർ വെറും മാസ്സ് അല്ല കൊലമാസ്സ്
ലൂസിഫർ
ഈ ഒരു വാർത്ത കേട്ട അന്ന് മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ലൂസിഫർ ഇന്ന് റിലീസ് ആയിരിക്കുകയാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
മോഹൻലാൽ സ്റ്റീഫൻ നെടുമ്പിള്ളി എന്ന ശക്തമായ നായക കഥാപാത്രം ആകുമ്പോൾ വില്ലൻ ആകുന്നത് വിവേക് ഒബ്‌റോയ് ആണ്.
മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, ഫാസിൽ, കലാഭവൻ ഷാജോൺ, ബൈജു, സച്ചിൻ ഘേദ്കർ, സാനിയ അയ്യപ്പൻ, നൈല ഉഷ, സായ് കുമാർ, ജോൺ വിജയ്, അനീഷ് ജി മേനോൻ, ആദിൽ, ബാല, ശിവജി ഗുരുവായൂർ, നന്ദു, ഷോൺ റോമി, കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂർ തുടങ്ങി ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.
മുഖ്യമന്ത്രിയും രാഷ്ട്രീയ പ്രമുഖനുമായ പി കെ രാംദാസിന്റെ മരണത്തോടെയാണ് സിനിമ തുടങ്ങുന്നത്. അടുത്ത അവകാശി എന്ന ചോദ്യം ചെന്നെത്തുന്നത് അഞ്ചു പ്രമുഖ വ്യക്തികളിലേക്കാണ്.
രാംദാസിന്റെ മൂത്ത മകൾ പ്രിയദർശനി, ഭർത്താവ് ബോബി, രാംദാദിന്റെ ഇളയ മകൻ ജതിൻ, രാംദാസിന്റെ വിശ്വസ്തനും പാർട്ടിയിലെ ഉന്നതനുമായ വർമ പിന്നെ രാംദാസിന്റെ വളർത്തുപുത്രനും പാർട്ടിയിലെ ഒറ്റയാനുമായ സ്റ്റീഫൻ നെടുമ്പിള്ളി എന്നിവരാണ് ആ പ്രമുഖർ.
മയക്കുമരുന്ന് മാഫിയയെ കൂട്ട് പിടിച്ചു ബോബിയും വർമയും ചേർന്ന് നടത്തുന്ന നീക്കങ്ങളെ തുടർന്ന് സ്റ്റീഫന് അധികാരം ലഭിക്കാതെ പോകുന്നു എന്ന് മാത്രമല്ല ചതി പ്രയോഗത്തെ തുടർന്ന് സ്റ്റീഫൻ ജയിലിലാകുന്നു.
അധികാരം ദുർവിനിയോഗം ചെയ്യാൻ ശ്രമിക്കുന്ന കപട ശക്തികൾക്ക് എതിരെ സ്റ്റീഫൻ നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് ലൂസിഫർ പറയുന്നത്.
പ്രേക്ഷകർ കാത്തിരുന്ന മോഹൻലാലിന്റെ ഒരു ഒന്നൊന്നര മാസ്സ് സിനിമയാണ് ലൂസിഫർ.
ആദ്യ സംവിധാന സംരഭമാണ് എന്ന് തോന്നാത്ത വിധത്തിൽ അതിഗംഭീരമായി പൃഥ്വി ചിത്രം ഒരുക്കിയിട്ടുണ്ട് .
മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയാണ് സിനിമയുടെ കരുത്ത്.
പ്രേക്ഷകരിൽ ആവേശമുണർത്തുന്ന പഞ്ച് ഡയലോഗുകൾ ചിത്രത്തിലുടനീളമുണ്ട്.
സുജിത് വാസുദേവിന്റെ ക്യാമറ കാഴ്ചകളെ അതി മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതിൽ ദീപക് ദേവിന്റെ സംഗീതവും പ്രാധാന്യം വഹിച്ചിട്ടുണ്ട്.സംജിത്തിന്റെ എഡിറ്റിംഗും മികച്ചു നിന്നു.
ഒരു ആരാധകൻ എന്ന നിലയിൽ ലാലേട്ടനെ എങ്ങനെ കാണാനാണോ നമുക്കിഷ്ടം അതേ പോലെ പ്രിത്വിരാജ് കാണിച്ചുതന്നിട്ടുണ്ട്.
സ്റ്റീഫൻ നെടുമ്പിള്ളി ആയി ലാലേട്ടൻ തകർപ്പൻ പ്രകടനമായിരുന്നു.
ലാലേട്ടന്റെ ഓരോ ചലനങ്ങളും ഡയലോഗുകളും ഒക്കെ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്.
തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞുനിൽക്കുന്ന അപാര ലാലിസം തന്നെയാണ് ലൂസിഫറിന്റെ ഹൈലൈറ്റ്.
മഞ്ജു വാര്യർ പ്രിയദർശനി ആയി മികച്ച പ്രകടനമായിരുന്നു. ബോബി എന്ന വില്ലൻ കഥാപാത്രമായി വിവേക് ഒബ്‌റോയിയും മികച്ചു നിന്നു.
ജതിൻ രാംദാസ് ആയി എത്തിയ ടോവിനോ തോമസ് നല്ല പ്രകടനമായിരുന്നു.
ടോവിനോയുടെ ഡയലോഗുകൾക്ക് നല്ല കയ്യടി കിട്ടിയിരുന്നു.
സയ്ദ് മസൂദ് എന്ന സർപ്രൈസ് കഥാപാത്രമായി എത്തിയ പ്രിത്വിരാജ് പ്രേക്ഷകരെ ഞെട്ടിച്ചു. പൃഥിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് വിരുന്നായിരുന്നു.
ഗോവർദൻ ആയി എത്തിയ ഇന്ദ്രജിത്, രാംദാസ് ആയ സച്ചിൻ ഘെദ്കർ വർമയെ അവതരിപ്പിച്ച സായ് കുമാർ ജാൻവി ആയി എത്തിയ സാനിയ അയ്യപ്പൻ തുടങ്ങി ഓരോ അഭിനേതാക്കളൂം തങ്ങളുടെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്.
ഒരു പക്കാ ലാലേട്ടൻ ഫാൻ ആയ പ്രിത്വിരാജ് താൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എല്ലാ ആരാധകർക്കും അക്ഷരാർത്ഥത്തിൽ ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്.
തീയറ്ററിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോകുന്ന നിരവധി മാസ്സ് രംഗങ്ങൾ ലാലേട്ടൻ നമുക്ക് നൽകുന്നുണ്ട്.
നെടു നീളൻ ഡയലോഗുകൾ അല്ല പക്ഷേ കുറിക്കു കൊള്ളുന്ന നല്ല കൊലമാസ്സ് ഡയലോഗുകൾ അനവധി ഉണ്ട് ചിത്രത്തിൽ.
ആദ്യാവസാനം ബോറടിപ്പിക്കാത്ത നല്ലൊരു ത്രില്ലിംഗ് ആക്ഷൻ മാസ്സ് സിനിമയാണ് ലൂസിഫർ.
ഒരുപാടു നാളുകളായി കാത്തിരുന്ന ഒരു അസൽ മോഹൻലാൽ മാസ്സ് സിനിമ സമ്മാനിച്ചതിന് പ്രിത്വിരാജിനോടും മുരളി ഗോപിയോടും ആന്റണി പെരുമ്പാവൂരിനോടും നന്ദി അറിയിക്കുന്നു.
മിഥുൻ മഹേഷ്.
Comments
Post a Comment