ജോഷി സാറിന്റെ ഗംഭീര തിരിച്ചുവരവുമായ് "പൊറിഞ്ചു മറിയം ജോസ്"
ന്യൂ ഡൽഹിയും ലേലവും നരനും തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ സൃഷ്ട്ടിച്ച സംവിധായകനാണ് ജോഷി.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തുന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.ജോസഫ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടി നിൽക്കുന്ന നടൻ ജോജു ജോർജ് ആണ് കാട്ടാളൻ പൊറിഞ്ചു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മറിയം എന്ന കഥാപാത്രമായി നൈല ഉഷയും ജോസ് ആയി ചെമ്പൻ വിനോദും അഭിനയിച്ചിരിക്കുന്നു.
ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ഈ സിനിമ റെജി മോൻ ആണ് നിർമിച്ചിരിക്കുന്നത്.
80 കളുടെ കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്.
ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ പൊറിഞ്ചു മറിയം ജോസ് എന്നീ മൂവരുടെയും കഥയാണ് ചിത്രം പറയുന്നത്.
കുട്ടിക്കാലം തൊട്ടേ പൊറിഞ്ചുവും ജോസും സുഹൃത്തുക്കളാണ്. ആലപ്പാട്ട് കുടുംബത്തിലെ മറിയവുമായി പൊറിഞ്ചു പ്രണയത്തിലാണ്.. മറിയയുടെ അച്ഛൻ കാരണം അവർ ഒന്നിക്കാതെ പോകുന്നു.
കാലങ്ങൾ കഴിഞ്ഞു. പൊറിഞ്ചു ഇന്ന് കാട്ടാളൻ പൊറിഞ്ചു എന്ന വലിയ ചട്ടമ്പിയാണ്. ഐപ്പ് മുതലാളിയുടെ വലം കൈ ആണ് ഇന്ന് പൊറിഞ്ചു.
കുടുംബസ്ഥനായി മാറിയ ജോസ് പെരുന്നാളിന് ബ്രേക്ക് ഡാൻസ് കളിച്ചും തല്ല് ഉണ്ടാക്കിയും പൊറിഞ്ചുവിനൊപ്പമുണ്ട്.
ഒരുമിക്കാൻ കഴിഞ്ഞില്ലെങ്കിലും മറിയയും പൊറിഞ്ചുവും മനസ്സിൽ ഇന്നും ആ സ്നേഹം സൂക്ഷിക്കുന്നുണ്ട്.
അങ്ങനെയിരിക്കെ ഐപ്പ് മുതലാളിയുടെ കൊച്ചുമകൻ പ്രിൻസുമായ് ജോസ് ഉടക്കുന്നു. ജോസിനെ തല്ലിയ പ്രിൻസിനെ പൊറിഞ്ചു തിരിച്ചടിക്കുന്നു.
ഇത് ഐപ്പ് മുതലാളിയുടെ കുടുംബത്തിന് മുന്നിൽ പൊറിഞ്ചുവിനെ ശത്രു ആക്കുന്നു.
പിന്നീട് നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ ജീവിതങ്ങൾ മാറ്റി മറിക്കുന്ന കഥയാണ് സിനിമ പറയുന്നത്.
കാട്ടാളൻ പൊറിഞ്ചു ആയി ജോജു മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കുമെല്ലാം മാസ്സ് കഥാപാത്രങ്ങൾ നൽകിയ ജോഷി ഇപ്പോൾ ജോജുവിനും അത്തരം ഒരു കഥാപാത്രം നൽകിയിരിക്കുന്നു.
ജോസ് ആയി ചെമ്പൻ വിനോദും മികച്ച പ്രകടനമായിരുന്നു. ചെമ്പന്റെ ബ്രേക്ക് ഡാൻസിന് നല്ല കയ്യടി ലഭിച്ചിരുന്നു.
മറിയം ആയി നൈല ഉഷയും നല്ല പ്രകടനമായിരുന്നു.
കരുത്തുറ്റ കഥാപാത്രങ്ങളായ പൊറിഞ്ചുവിനെയും മറിയത്തെയും ജോസിനെയും അതേ കരുത്തോടെ സ്‌ക്രീനിലെത്തിക്കാൻ മൂവർക്കും കഴിഞ്ഞിട്ടുണ്ട്.
എടുത്തു പറയേണ്ട മറ്റൊരു പ്രകടനം സുധി കോപ്പയുടേതാണ്.
പ്രിൻസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രാഹുൽ മാധവും നന്നായിരുന്നു.
ഐപ്പ് ആയി അഭിനയിച്ച വിജയരാഘവൻ, സലിം കുമാർ, സ്വാസിക, മാളവിക മേനോൻ, കലാഭവൻ നിയാസ്, നന്ദു, ജയരാജ് വാര്യർ,
സരസ ബാലുശ്ശേരി, ഐ എം വിജയൻ തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമായിരുന്നു.
വളരെ മികച്ച ഒരു മാസ്സ് ആക്ഷൻ ത്രില്ലെർ സിനിമയായി ജോഷി ചിത്രം ഒരുക്കിയിട്ടുണ്ട്.
പൊറിഞ്ചു മറിയം പ്രണയം പോലെ തന്നെ പൊറിഞ്ചുവിന്റേയും ജോസിന്റെയും സൗഹൃദവും ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ആക്ഷൻ രംഗങ്ങളും നല്ല നിലവാരം പുലർത്തി .
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഒരുക്കിയ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്.
ജെയ്ക്സ് ബിജോയുടെ സംഗീതം സിനിമയുടെ മറ്റൊരു മേന്മയാണ്.
അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും
വളരെ നന്നായി ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല സിനിമ തന്നെയാണ് പൊറിഞ്ചു മറിയം ജോസ്.
മിഥുൻ മഹേഷ്
Kidu
ReplyDelete