ആക്ഷൻ വിസ്മയം "സാഹോ"

ബാഹുബലിക്ക് ശേഷം  പ്രേക്ഷകർ ഒന്നടങ്കം വൻ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസ് സിനിമയാണ് "സാഹോ'.
ചിത്രത്തിന്റെ ഓരോ അന്നൗൺസ്‌മെന്റും പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തിയിരുന്നു.
റൺ രാജാ റൺ എന്ന ആദ്യ ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സുജീത് ആണ് സാഹോ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
350 കോടിയോളം  രൂപ ചിലവിട്ട് ഹോളിവുഡ് സിനിമകളെ വെല്ലുവിളിത്തക്ക രീതിയിൽ ഒരു ഗംഭീര ആക്ഷൻ സിനിമയായ് സുജിത് ചിത്രം ഒരുക്കിയിട്ടുണ്ട്.

ശ്രദ്ധ കപൂർ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയാകുന്നത്.
ഒരു വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അരുൺ വിജയ്, നീൽ നിതിൻ മുകേഷ്, ജാക്കി ഷറഫ്, മുരളി ശർമ, വെണ്ണെലാ കിഷോർ, പ്രകാശ് ബെലവാടി, മന്ദിരാ ബേദി, ചങ്കി പാണ്ഡെ, എവ്ലിൻ ശർമ, സുപ്രീത്, മഹേഷ്‌ മഞ്ജരേക്കർ, ടിന്നു ആനന്ദ് തുടങ്ങിയവർക്കൊപ്പം മലയാളി സാന്നിധ്യമായി ലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഒരു വമ്പൻ ക്യാൻവാസിൽ കഥ പറയുന്ന  ഗംഭീര ആക്ഷൻ സിനിമയാണ് സാഹോ.
മുംബയിൽ അരങ്ങേറുന്ന ചില മോഷണ പരമ്പരകളെ കുറിച്ച് അന്വേഷിക്കുവാൻ എത്തുന്ന undercover ഓഫീസർ അശോക് ചക്രവർത്തി ആയാണ് പ്രഭാസ് എത്തുന്നത്.
അധോലോക സംഘങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന കുടിപ്പകയും പ്രതികാരവും തുടങ്ങി സ്ഥിരം ആക്ഷൻ സിനിമകളുടെ ശ്രേണിയിലാണ് സാഹോയും കഥ പറയുന്നത്.
എന്നാൽ തുടർന്നങ്ങോട്ട് ഉണ്ടാകുന്ന ട്വിസ്റ്റുകളുടെ പരമ്പരകൾ പലയിടത്തും നമ്മളെ ഞെട്ടിക്കുന്നുണ്ട്.
കോടികൾ ചിലവിട്ട് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .

അടിമുടി ഒരു പ്രഭാസ് ഷോ തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്.
ആക്ഷൻ രംഗങ്ങളിലൊക്കെ തന്നെ ഗംഭീര പ്രകടനം തന്നെ പ്രഭാസ് കാഴ്ച വച്ചിട്ടുണ്ട്.
അമൃത നായർ എന്ന പോലീസ് ഓഫീസർ ആയി ശ്രദ്ധ കപൂറും മികച്ചു നിൽക്കുന്നുണ്ട്.
അരുൺ വിജയ്, നീൽ നിതിൻ മുകേഷ്, ലാൽ, മുരളി ശർമ തുടങ്ങി അഭിനേതാക്കൾ എല്ലാവരും മികച്ച  പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്.

ഹോളിവുഡ് സിനിമകളുടെ നിലവാരത്തിലുള്ള ഒരു ആക്ഷൻ സിനിമയായി സുജിത് ചിത്രം ഒരുക്കിയിട്ടുണ്ട്.
Fight, Car Chase രംഗങ്ങൾ എല്ലാം വളരെ മികച്ച അനുഭവമായിരുന്നു.
തിരക്കഥയിലെ ചില പോരായ്മകൾ ആസ്വാദനത്തിന് ചെറിയ കല്ലുകടി ആകുന്നുണ്ട് .
ആക്ഷന് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന സിനിമയുടെ ആദ്യപകുതിയിൽ തിരുകികയറ്റിയ പോലെ വന്ന പ്രഭാസ് ശ്രദ്ധ പ്രണയരംഗങ്ങൾ സിനിമയുടെ അതുവരെയുള്ള ഒഴുക്കിനെ ബാധിക്കുന്നുണ്ട്.
മികച്ച ഒരു ഇന്റർവെൽ ബ്ലോക്കോടെ ചിത്രം വീണ്ടും ട്രാക്കിൽ എത്തുന്നുണ്ട്.
രണ്ടാം പകുതിയിലെ അവസാന 40 മിനിറ്റുകൾ നീണ്ട ആക്ഷൻ രംഗങ്ങൾ വിസ്മയിപ്പിക്കുന്നതായിരുന്നു

ആർ മഥിയുടെ ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങൾ മികച്ച അനുഭവം സമ്മാനിക്കുന്നുണ്ട്.
ആക്ഷൻ കൊറിയോഗ്രാഫി, എഡിറ്റിംഗ്, VFX, BGM തുടങ്ങി സാങ്കേതിക രംഗങ്ങളിലും ചിത്രം മികച്ചു നിൽക്കുന്നുണ്ട്.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയല്ല സാഹോ.
ലോജിക്കുകൾ ഒക്കെ മാറ്റിവച്ചു കാണേണ്ട ഒരു ആക്ഷൻ സിനിമയാണ് സാഹോ. സാങ്കേതിക പരമായി മികച്ചു നിൽക്കുന്ന ഈ ചിത്രം  ഒരു മികച്ച തീയറ്ററിൽ തന്നെ കാണേണ്ടതാണ്.
4K തീയറ്ററിൽ മികച്ച അനുഭവമായിരുന്നു സിനിമ സമ്മാനിച്ചത്.

മിഥുൻ മഹേഷ്‌


Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏