നേർകൊണ്ട പാർവൈ -Excellent Thriller

 തല അജിത് നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് നേർകൊണ്ട പാർവൈ.
തീരൻ എന്ന ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം  എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ബോണി കപൂർ ആണ് ചിത്രത്തിന്റെ നിർമാതാവ്.
അമിതാഭ് ബച്ചൻ, തപ്‌സി പന്നു എന്നിവർ അഭിനയിച്ച് 2014 ൽ പുറത്തിറങ്ങിയ  പിങ്ക് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം.
ശ്രദ്ധ ശ്രീനാഥ്, അഭിരാമി, ആൻഡ്രിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
വിദ്യ ബാലന്റെ അതിഥി വേഷം ആണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമേറിയ ഒരു വിഷയം സംസാരിക്കുന്ന സിനിമയാണ് നേർകൊണ്ട പാർവൈ.

മീര, ഫമിത, ആൻഡ്രിയ എന്നീ മൂന്നു പെൺകുട്ടികൾ നേരിടേണ്ടി വരുന്ന ഒരു പ്രശ്നത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്.
ഒരു പാർട്ടി കഴിഞ്ഞ് മടങ്ങുന്ന അവർക്ക്  ആദിക്ക് , വിശ്വ തുടങ്ങി ഒരു  സംഘം ചെറുപ്പക്കാരിൽ നിന്നും ആക്രമണം നേരിടേണ്ടി വരുന്നു.
ഒരു വിധത്തിൽ  ആ പ്രശ്നത്തിൽ നിന്നും അവർ രക്ഷപ്പെടുന്നു.
മുറിവേറ്റ ആദിക്കും സംഘവും അവരെ പല വിധത്തിൽ ഉപദ്രവിക്കാൻ തുടങ്ങുന്നു.
ഒടുവിൽ മീരയെ കള്ളക്കേസിൽ അവർ ജയിലിലടക്കുന്നു

ഏറെ സ്വാധീനമുള്ള ആദിക്കിന്റെ കുടുംബ പശ്ചാത്തലം കൊണ്ട് തന്നെ ആരും മീരയുടെ സഹായത്തിന് എത്തുന്നില്ല .
എന്നാൽ അഡ്വക്കേറ്റ് ഭരത് സുബ്രഹ്മണ്യൻ മീരയുടെ കേസ് ഏറ്റെടുക്കുന്നു.
ഭാര്യ കല്യാണിയുടെ മരണം സൃഷ്ടിച്ച മാനസിക ആഘാതത്തിൽ നിന്ന് ഇനിയും കരകയറാൻ സാധിച്ചിട്ടില്ലാത്ത ഭരത് ഏറെ നാളുകൾക്കു ശേഷം വീണ്ടും നിയമ പുസ്തകം കയ്യിലെടുക്കുന്നു.
തുടർന്ന് മീരയ്ക്ക് വേണ്ടി ഭരത് നടത്തുന്ന നിയമ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള വളരെ ചിന്തനീയമായ ഒരു  വിഷയമാണ് ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
സമൂഹത്തിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.
നമ്മൾ ഓരോരുത്തരുടെയും ചിന്താഗതികൾ എത്രത്തോളം മാറേണ്ടിയിരിക്കുന്നു എന്ന് ഈ ചിത്രം കാണിച്ചുതരുന്നു.
വളരെ മികച്ച രീതിയിൽ ഈ ആശയം അവതരിപ്പിച്ച സംവിധായകൻ വിനോദ് ഒരു വലിയ കയ്യടി അർഹിക്കുന്നു.
രണ്ടാം പകുതിയിലെ കോടതി രംഗങ്ങൾ ഉൾപ്പടെ വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ ചിത്രം ഒരുക്കിയിട്ടുണ്ട്.

അഡ്വക്കേറ്റ് ഭരത് സുബ്രഹ്മണ്യൻ അജിത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണെന്ന് നിസ്സംശയം പറയാം.
അത്രയ്ക്ക് മികച്ച രീതിയിൽ ഭരത് ആയി അജിത് നിറഞ്ഞുനിൽക്കുന്നുണ്ട് ചിത്രത്തിൽ.
ചിത്രത്തിലെ അജിത്തിന്റെ സംഘട്ടന രംഗം തല മാസ്സ് ആരാധകർക്ക് വിരുന്നായി..

മീരയായി എത്തിയ ശ്രദ്ധ ശ്രീനാഥും മികച്ച പ്രകടനം കാഴ്ച വെച്ചു.
ഏതാനും രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട വിദ്യ ബാലനും നല്ല പ്രകടനമായിരുന്നു.
അഭിരാമി വെങ്കടാചലം, ആൻഡ്രിയ താരിയാങ്, അർജുൻ ചിദംബരം, ആദിക് രവിചന്ദ്രൻ, ജയപ്രകാശ്, ഡൽഹി ഗണേഷ്, സുജിത് ശങ്കർ, രംഗരാജ് പാണ്ഡെ തുടങ്ങി എല്ലാ നടീനടന്മാരുടെയും മികച്ച പ്രകടനം തന്നെ ചിത്രത്തിൽ കാണാം.

യുവൻ ശങ്കർ രാജയുടെ സംഗീതം ആണ്  ചിത്രത്തിന്റെ മറ്റൊരു മികച്ച വശം.
നീരവ് ഷായുടെ ഛായാഗ്രഹണവും ഗോകുൽ ചന്ദ്രന്റെ എഡിറ്റിംഗും തുടങ്ങി സാങ്കേതിക വശങ്ങളിലും ചിത്രം മികച്ചു നിൽക്കുന്നുണ്ട്.

പിങ്ക് എന്ന സിനിമയോട് നൂറ് ശതമാനം നീതി പുലർത്തുന്ന രീതിയിൽ തന്നെ എച് വിനോദ് ഈ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.
തല അജിത് ആരാധകർക്ക് വേണ്ട മാസ്സ് രംഗങ്ങളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
കുടുംബ സമേതം കാണാൻ കഴിയുന്ന നല്ലൊരു ത്രില്ലെർ സിനിമയാണ് നേർക്കൊണ്ട പാർവൈ.
അതിനോടൊപ്പം തന്നെ വളരെ പോസിറ്റീവ് ആയ ചില ആശയങ്ങളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് നേർകൊണ്ട പാർവൈ.

മിഥുൻ മഹേഷ്‌ 

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer