ജല്ലിക്കട്ട് - അതി ഗംഭീരം 👏🙏

മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിച്ച പ്രതിഭാശാലിയായ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ "ജല്ലിക്കട്ട്"ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്.
റിലീസിന് മുന്നേ തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സിനിമയായ അങ്കമാലി ഡയറീസിലൂടെ നായകനായി എത്തി ചുരുങ്ങിയ കാലയളവിൽ മികച്ച നടൻ എന്ന് പേരെടുത്ത ആന്റണി വർഗീസ് ആണ് ഈ ചിത്രത്തിലും പ്രധാന വേഷം ചെയ്യുന്നത്.
ഹരീഷ് എസ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
തോമസ് പണിക്കർ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രശാന്ത് പിള്ള സംഗീതവും ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

ഒരു കശാപ്പ് ശാലയിൽ നിന്നും വിളറി പിടിച്ചു ഓടിയ ഒരു പോത്തിനെ പിടിക്കാൻ ഒരു നാട് മുഴുവൻ ഇറങ്ങിത്തിരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
കശാപ്പ് ശാലയിലെ തൊഴിലാളി ആയ ആന്റണി, കശാപ്പ് ശാല മുതലാളി വർക്കി, വർക്കിയുടെ മകൾ സോഫി, പോത്തിനെ വെടി വെക്കാൻ എത്തുന്ന കുട്ടച്ചൻ  തുടങ്ങി ആ നാട്ടിലെ ഓരോരുത്തരുടെയും ജീവിതം ഈ സംഭവത്തെ തുടർന്ന് മാറിമറിയുന്ന കഥയാണ് ചിത്രം പറയുന്നത്.

പോത്തിന് പിന്നാലെയുള്ള ഒരു നാടിന്റെ നെട്ടോട്ടത്തിന്റെ കഥ അതി ഗംഭീരമായി തന്നെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്.
വിഷ്വലുകൾ കൊണ്ട് കവിത രചിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സ്റ്റൈൽ ഈ ചിത്രത്തിലും പ്രകടമായി കാണാം.
പോത്തിന് പിന്നാലെയുളള ഓട്ടവും ചാട്ടവും എല്ലാം അതേ മികവോടെ ക്യാമെറയിൽ പകർത്തിയ ഗിരീഷ് ഗംഗാധരൻ ഒരു വലിയ കയ്യടി അർഹിക്കുന്നുണ്ട്.
പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു തന്നെ നിൽക്കുന്നുണ്ട്.

ആന്റണി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ആന്റണി വർഗീസ് അവതരിപ്പിച്ചിട്ടുണ്ട്.
വർക്കി ആയി എത്തിയ ചെമ്പൻ വിനോദും കുട്ടച്ചൻ ആയി എത്തിയ സാബുമോനും നല്ല പ്രകടനമായിരുന്നു.
സോഫി ആയി എത്തിയ ശാന്തി രാമചന്ദ്രനും മറ്റ് ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയ എല്ലാ നടീനടന്മാരും മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുന്നുണ്ട്.

ഒരു കൂട്ടം പച്ച മനുഷ്യരുടെ കഥയാണ് ജല്ലിക്കട്ട്.
മനുഷ്യന്റെ ഉള്ളിലെ മൃഗ സ്വഭാവത്തെയും കാടത്തത്തെയും കാണിച്ചു തരുന്നുണ്ട് ചിത്രം. അതിനൊപ്പം പെണ്ണിനോടും ഇറച്ചിയോടുമുള്ള അവന്റെ ഒടുങ്ങാത്ത ആർത്തിയെയും.
തീര്ച്ചയായും തീയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒരു സിനിമാ കാഴ്ച്ചയാണ് ജല്ലിക്കട്ട്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തിയേക്കില്ല.
പക്ഷേ ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭാധനനായ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ചിത്രം വ്യത്യസ്തമായ ഒരു അനുഭവം നമുക്ക് സമ്മാനിക്കും.
ലോക നിലവാരത്തിലുളള സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാത്തരം പ്രേക്ഷകർക്കും ഒരു വിരുന്നായിരിക്കും ഈ ചിത്രം.

മിഥുൻ മഹേഷ്‌ 

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer