യുവത്വത്തിന്റെ ആഘോഷ കാഴ്ചകളുമായി പതിനെട്ടാം പടി 👏👏

തിരക്കഥാകൃത്തായും നടനായും ശ്രദ്ധേയനായ ശങ്കർ ബാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി.
ഓഗസ്റ്റ് ഫിലിംസിന്റെ ബാനറിൽ സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഒരു പറ്റം യുവ പ്രതിഭകൾ ഈ സിനിമയിലൂടെ കഴിവ് തെളിയിക്കുവാൻ എത്തുന്നുണ്ട്.
എന്നാൽ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടിയുടെ അതിഥി വേഷമാണ്.
ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ സ്റ്റൈലൻ ഗെറ്റപ്പ് നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രിത്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ എന്നിവരും ചിത്രത്തിൽ പ്രത്യേക്ഷപ്പെടുന്നുണ്ട് എന്നത്  മറ്റൊരു സവിശേഷതയാണ്.

വിദ്യാഭ്യാസ രംഗത്തിന് തന്നെ മാതൃക ആകാവുന്ന സ്കൂൾ ഓഫ് ജോയ് എന്ന ഒരു പുതിയ ഒരു പാഠ്യ പദ്ധതി ആവിഷ്കരിച്ചു ശ്രദ്ധ നേടിയ അശ്വിൻ എന്ന ചെറുപ്പക്കാരനിൽ നിന്നുമാണ് ചിത്രം തുടങ്ങുന്നത്.
കൂടെ നിന്ന സുഹൃത്തിനേക്കാളും എതിരെ നിന്ന ശത്രു ആണ് തന്റെ വിജയത്തിന് കാരണം എന്ന് അശ്വിൻ പറയുന്നിടത്ത് കഥ അവരുടെ പഠന കാലത്തേക്ക് സഞ്ചരിക്കുന്നു.
തിരുവനന്തപുരത്തെ  സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവണ്മെന്റ് മോഡൽ സ്കൂളും പണമുള്ളവർ മാത്രം  പഠിക്കുന്ന ഇന്റർനാഷണൽ സ്കൂളും തമ്മിലുള്ള ശത്രുതയുടെ കഥയാണ് പിന്നീട് നമ്മൾ കാണുന്നത്.
ഗവണ്മെന്റ് സ്കൂളിലെ അയ്യപ്പനും ഇന്റർനാഷണൽ സ്കൂളിലെ അശ്വിനും ആയിരുന്നു സംഘങ്ങൾക്ക് നേതൃത്വം കൊടുത്തത്.
അങ്ങനെ അടിയും തിരിച്ചടിയുമായി അവരുടെ ജീവിതങ്ങൾ മുന്നോട്ട് പോകുന്നതിനിടെ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില തിരിച്ചറിവുകൾ അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.
ആ കഥയാണ് പതിനെട്ടാം പടി പറയുന്നത്.

പഠന കാലത്തെ പ്രണയവും എടുത്തു ചാട്ടവും തല്ലും ഒക്കെ മനോഹരമായി തന്നെ കാണിക്കുന്നുണ്ട് ചിത്രത്തിൽ.
അതുകൊണ്ട് തന്നെ നൊസ്റ്റാൾജിയയുടെ വേറിട്ട കാഴ്ചകൾ ചിത്രത്തിൽ കാണാം.പ്രിത്വിരാജും ആര്യയുമാണ് അശ്വിനായും അയ്യപ്പനായും എത്തുന്നത്.
സിനിമയുടെ തുടക്കത്തിലും ക്ലൈമാക്സിലും മാത്രമേ അവരുടെ സാന്നിധ്യം ഉള്ളൂ.
ചിത്രത്തിന്റെ ഏറിയ പങ്കും നമ്മളെ പിടിച്ചിരുത്തുന്നത് അവരുടെ ചെറുപ്പകാലം അവതരിപ്പിച്ച അക്ഷയും അശ്വിനും ആണ്.
അവരുടെ ജീവിതത്തിൽ വഴിത്തിരിവ് സമ്മാനിക്കുന്ന ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനമായിരുന്നു.
ലുക്ക്‌ കൊണ്ടും പ്രകടനം കൊണ്ടും വേറിട്ട ഒരു അനുഭവം മമ്മൂക്ക സമ്മാനിക്കുന്നുണ്ട്.
ജോയ് എന്ന അധ്യാപകനായി ചന്തുനാഥും നല്ല പ്രകടനമായിരുന്നു.
ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ച എല്ലാ പുതുമുഖങ്ങളും അവരുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, പ്രിയാ മണി, മനോജ്‌ കെ ജയൻ, ബിജു സോപാനം, ലാലു അലക്സ്‌, മണിയൻ പിള്ള രാജു, രാജീവ്‌ പിള്ള, കണ്ണൻ നായർ , മാല പാർവതി എന്നിവരും മറ്റ് ചെറുതും  വലുതുമായ വേഷങ്ങളിൽ എത്തുന്നുണ്ട്.

വളരെ സ്റ്റൈലിഷ് ആയി ശങ്കർ രാമകൃഷ്ണൻ ചിത്രം ഒരുക്കിയിട്ടുണ്ട്.
മാസ്സും ആക്ഷനും സസ്‌പെൻസും എല്ലാം ചേരുംപടി ചേർത്ത തിരക്കഥ ഏറ്റവും മികച്ച രീതിയിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു മികച്ച സിനിമ തന്നെയാണ് പതിനെട്ടാം പടി.

എടുത്തു പറയേണ്ട മറ്റൊരു മികവ് ക്യാമറ കൈകാര്യം ചെയ്ത സുദീപ് ഇളമണിന്റെത്  ആണ്.
സ്റ്റണ്ട് രംഗങ്ങൾ ഉൾപ്പടെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് അദ്ദേഹം..
അത് പോലെ സിനിമയുടെ മൂഡിന് ചേരുന്ന പശ്ചാത്തല സംഗീതവും മികച്ച അനുഭവം തന്നെ നൽകുന്നു.

ഒട്ടും ബോറടിപ്പിക്കാതെ രസമായി ആസ്വദിക്കാൻ കഴിയുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ തന്നെയാണ് തന്റെ പ്രഥമ സംവിധാനത്തിലൂടെ ശങ്കർ രാമകൃഷ്ണൻ സമ്മാനിക്കുന്നത്.
അതുകൊണ്ട് തന്നെ ആദ്യാവസാനം ആഘോഷത്തോടെ കാണാൻ ധൈര്യമായി ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം.

മിഥുൻ മഹേഷ്‌. 

Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏