സത്യം പറഞ്ഞാ വിശ്വസിക്കുവോ - ഒരു നല്ല കുടുംബ ചിത്രം

ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ
വൻ വിജയത്തിന് ശേഷം  ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് "സത്യം പറഞ്ഞാ വിശ്വസിക്കുവോ?".
രസകരമായ പേര് കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രത്തിൽ ബിജു മേനോൻ ആണ് പ്രധാന കഥാപാത്രമായ സുനിയെ അവതരിപ്പിക്കുന്നത്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം  പ്രേക്ഷകരുടെ ഇഷ്ട നായിക സംവൃത സുനിൽ ഈ ചിത്രത്തിലൂടെ നായികയായി തിരികെയെത്തുന്നുണ്ട്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
സാധാരണക്കാരനായ ഒരു വാർക്ക പണിക്കാരനായാണ് ബിജു മേനോൻ ചിത്രത്തിൽ എത്തുന്നത് .
അലെൻസിയർ, സുധി കോപ്പ, ഭഗത് മാനുവൽ, സൈജു കുറുപ്പ്,ദിനേഷ് നായർ,  ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, സുധീഷ്, ശ്രുതി ജയൻ തുടങ്ങി ഒരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സാധാരണക്കാരനായ ഒരു  വാർക്കപ്പണിക്കാരനാണ് സുനി.
ഭാര്യ ഗീതയും മകളും അടങ്ങുന്ന കൊച്ചു കുടുംബമാണ് അയാളുടേത്.
അത്യാവശ്യം കടവും മറ്റ് പ്രശ്നങ്ങളുമായി ചെറിയ ബുദ്ധിമുട്ടിലാണ് സുനിയും കുടുംബവും.
കൂട്ടുകാർക്കൊപ്പമുള്ള സുനിയുടെ നിരന്തരമായ മദ്യപാനവും ആ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
അങ്ങനെയിരിക്കെ ഒരു അപകടത്തിന്റെ രൂപത്തിൽ ഒരു വലിയ കോള് അവർക്ക് ലഭിക്കുന്നു.
അത് മുതലാക്കി പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന് സുനിയും കൂട്ടുകാരും കരുതുന്നു.
എന്നാൽ അവർ വിചാരിച്ചത് പോലെയായിരുന്നില്ല കാര്യങ്ങൾ.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ അപകടത്തിലേക്ക് അവർ അകപ്പെടുന്നു.

വളരെ രസകരമായ ഒരു കഥാപശ്ചാത്തലം ആണ് ചിത്രത്തിന്റേത്.
ചിത്രം കാണാനിരിക്കുന്നവർക്ക് ത്രിൽ നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
പ്രധാന കഥയ്ക്കപ്പുറം ചില രാഷ്ട്രീയ ഉള്ളുകളികളും ചിത്രം തുറന്ന് കാണിക്കുന്നുണ്ട്.

വാർക്കപ്പണിക്കാരൻ സുനി എന്ന കഥാപാത്രത്തെ വളരെ കൈയൊതുക്കത്തോടെ തന്നെ ബിജു മേനോൻ അവതരിപ്പിച്ചിട്ടുണ്ട്.
സീനുകൾ താരതമ്യേന കുറവാണെങ്കിലും ഗീത എന്ന വീട്ടമ്മയെ സംവൃത നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
താമര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോപ്പയും മികച്ചു തന്നെ നിൽക്കുന്നുണ്ട്.
അലെൻസിയർ, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, ദിനേശ് നായർ,സൈജു കുറുപ്പ്, ശ്രുതി ജയൻ തുടങ്ങി എല്ലാവരും തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.

സജീവ് പാഴൂരിന്റെ തിരക്കഥയെ വളരെ റിയലിസ്റ്റിക് ആയി തന്നെ പ്രജിത്ത് ചിത്രം ഒരുക്കിയിട്ടുണ്ട്.
ആക്‌സിഡന്റ് സീനും അതേ തുടർന്നുള്ള രംഗവുമൊക്കെ  മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണവും നല്ല നിലവാരം പുലർത്തി.

അല്പം സ്ലോ ആയാണ് ചിത്രം കഥ പറയുന്നത്.
അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ അല്പം ലാഗ് അനുഭവപ്പെടുന്നുണ്ട്.
രണ്ടാം പകുതിയിൽ പറയുന്ന കഥ predictable ആയിരുന്നു.
എന്നിരുന്നാലും ഒരു  നല്ല കുടുംബ സിനിമ തന്നെയാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ.
അതുകൊണ്ട് തന്നെ വിശ്വസിച്ചു ചിത്രത്തിന് ടിക്കറ്റ് എടുക്കാം.

മിഥുൻ മഹേഷ്‌ 

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer