Dear Comrade- beautiful love story❤

അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ ഒരു വലിയ ആരാധക വൃന്ദം  സൃഷ്ടിച്ച നടനാണ് വിജയ് ദേവരകൊണ്ട.
ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ കേരളത്തിലും ഇദ്ദേഹത്തിന് വലിയ ഒരു ആരാധക കൂട്ടമുണ്ട്.
ഭരത് കമ്മ സം വിധാനം ചെയ്ത " Dear Comrade" ആണ് വിജയുടെ ഏറ്റവും പുതിയ ചിത്രം. തെലുഗിന് പുറമേ മലയാളം, തമിഴ്,കന്നഡ ഭാഷകളിൽ മൊഴിമാറ്റം നടത്തിയും ചിത്രം തീയറ്ററുകളിൽ എത്തിയിട്ടുണ്ട്.

ഗീതാഗോവിന്ദം എന്ന സൂപ്പർ ഹിറ്റിന് ശേഷം
രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന  സിനിമ കൂടിയാണ് Dear Comrade.
മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്.
യഷ് രംഗിനേനി ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
ജസ്റ്റിൻ പ്രഭാകരൻ ഈണമിട്ട ഗാനങ്ങൾ എല്ലാം നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുജിത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത്‌ സാരംഗ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

ബോബിയുടെയും ലില്ലിയുടെയും പ്രണയകഥയാണ് ചിത്രം പ്രധാനമായും പറയുന്നത് എങ്കിലും ചില പോസിറ്റീവ് ആയ ചിന്തകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.

കോളേജിലെ സജീവ രാഷ്ട്രീയ പ്രവർത്തകനാണ് ബോബി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ  എന്ത് തന്നെയായാലും ബോബി അവർക്കൊപ്പം എപ്പോഴും ഒരുമിച്ച് നിന്നിരുന്നു  . എന്നാൽ പെട്ടെന്ന് ദേഷ്യപ്പെടുന്ന അവന്റെ സ്വഭാവം പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. 
തന്റെ മുത്തച്ഛനെ പോലെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന നല്ലൊരു Comrade ആകണമെന്നായിരുന്നു അവന്റെ ലക്ഷ്യം. 
അങ്ങനെയിരിക്കെ ആകസ്മികമായി അവൻ ലില്ലിയെ കണ്ടുമുട്ടുന്നു.  
കുടുംബങ്ങൾ തമ്മിൽ അടുപ്പത്തിലായത് കൊണ്ട് തന്നെ അവർ തമ്മിൽ പെട്ടെന്ന് അടുക്കുന്നു.
ഇരുവരുടെയും മനോഹരമായ പ്രണയ നിമിഷങ്ങളാണ് പിന്നീട് നമ്മൾ കാണുന്നത്.
ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത ബോബിയുടെ സ്വഭാവം അവന് ചുറ്റും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പോലെ അതേ കാരണം കൊണ്ട് തന്നെ ലില്ലി അവനിൽ നിന്ന് അകലുന്നു .
പിന്നീട് അവരുടെ ജീവിതങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രം പറയുന്നത് .

വിജയ് ദേവരകൊണ്ട ബോബി ആയി മികച്ച പ്രകടനമായിരുന്നു.
ബോബിയുടെ ക്ഷുഭിത യവ്വന കാലഘട്ടത്തെയും പിന്നീടുള്ള നിമിഷങ്ങളെയുമെല്ലാം മികച്ച രീതിയിൽ തന്നെ വിജയ് അവതരിപ്പിച്ചിട്ടുണ്ട്.
ലില്ലി ആയി രശ്‌മികയും വളരെ മികച്ച പ്രകടനമായിരുന്നു.
ക്രിക്കറ്റ്‌ എന്ന സ്വപ്നത്തിനു പിന്നാലെയുള്ള അവളുടെ ജീവിതവും തുടർന്ന് അവൾ നേരിടുന്ന പ്രശ്നങ്ങളെയുമെല്ലാം രശ്‌മിക മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
വിജയ് ദേവരകൊണ്ട രശ്‌മിക പ്രണയ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
പ്രേതം സിനിമയിലൂടെ ശ്രദ്ധേയയായ നടി ശ്രുതി രാമചന്ദ്രൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രുതിയുടെ പ്രകടനവും നന്നായിരുന്നു.
ചാരുഹാസൻ, സുഹാസ്, ആനന്ദ്, സഞ്ജയ്‌ സ്വരൂപ്‌ തുടങ്ങി എല്ലാ നടീനടന്മാരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്.

നല്ല രീതിയിൽ തന്നെ സംവിധായകൻ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.
ഹൃദയ സ്പർശിയായ ഒരു ഇമോഷണൽ ലവ് സ്റ്റോറി ആണ് ഈ ചിത്രം.
മലയാളം ഡബ്ബിങ്ങിൽ വന്ന ചില പോരായ്മകൾ ആസ്വാദനത്തിന് ഒരു കല്ലുകടിയായി മാറുന്നുണ്ട്.
സ്ലോ ആയാണ് ചിത്രം കഥ പറയുന്നത്.
അത് കൊണ്ട് തന്നെ ചിലയിടങ്ങളിൽ ലാഗ് അനുഭവപ്പെടുന്നുണ്ട്.
സാങ്കേതിക വശങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തി.

കായിക മേഖലയിൽ ഉൾപ്പെടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ തുറന്നു കാണിക്കുന്നുണ്ട് ഈ ചിത്രം.
മനോഹരമായ ഒരു പ്രണയകഥ പറയുന്നതിനോടൊപ്പം പ്രേക്ഷകരെ ഒന്ന് ചിന്തിപ്പിക്കുവാനും ചിത്രത്തിന് കഴിയുന്നുണ്ട്.
അത് കൊണ്ട് തന്നെ ഒരു മികച്ച സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.

മിഥുൻ മഹേഷ്‌

Comments

Post a Comment

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer