അമ്മമാരുടെ സ്വന്തം "ഇട്ടിമാണി'

ലൂസിഫർ നേടിയ വൻ വിജയത്തിന് ശേഷം നമ്മുടെ സ്വന്തം ലാലേട്ടൻ നായകനായി എത്തുന്ന സിനിമയാണ് "ഇട്ടിമാണി".
ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇട്ടിമാണി ഇന്ന് തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഇട്ടിമാണി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ ജിബി -ജോജു സഖ്യമാണ്.
ഹണി റോസ് ആണ് മോഹൻലാലിന്റെ നായികയാകുന്നത്.
രാധിക ശരത്കുമാർ, കെ പി എ സി ലളിത, സിദ്ധിക്ക്, അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സലിം കുമാർ,വിനു മോഹൻ, കൈലാഷ്, സിജോയ് വർഗീസ്, ജോണി ആന്റണി, സുനിൽ സുഗത, അശോകൻ, സ്വാസിക, സാജു നവോദയ, ശേഖർ മേനോൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ചൈനയിൽ ജനിച്ചത് കൊണ്ടോ കുന്നംകുളത്ത് ജീവിക്കുന്നത് കൊണ്ടോ ഇട്ടിമാണി ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ വിദഗ്ധനാണ്.
എന്തിനും ഏതിനും കമ്മീഷൻ വാങ്ങിക്കുന്ന ഇട്ടിമാണി തൃശൂരിൽ ഒരു ചൈനീസ് ഫുഡ്‌ റെസ്റ്റോറന്റും നടത്തുന്നുണ്ട്.
അമ്മ തെയ്യാമ്മയാണ് ഇട്ടിക്ക് എല്ലാം. അതുപോലെ അടുത്ത വീട്ടിലെ അന്നമ്മച്ചിയെ സ്വന്തം അമ്മച്ചിയെ പോലെയാണ് ഇട്ടി കാണുന്നതും.
അന്നമ്മച്ചി കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മക്കൾ ആരും ഇന്ന് ആ അമ്മയെ തിരിഞ്ഞുപോലും നോക്കുന്നില്ല.
അന്നമ്മച്ചിയുടെ വേദന മനസ്സിലാക്കുന്ന ഇട്ടിമാണി ആ മക്കളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നു.
വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഒരു മടിയുമില്ലാതെ വഴിയിൽ തള്ളുന്ന മക്കളെ ഒരു പാഠം പഠിപ്പിക്കുവാനുള്ള ഇട്ടിമാണിയുടെ ശ്രമങ്ങളാണ് പിന്നീട് നമ്മൾ കാണുന്നത്.

ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ഇട്ടിമാണി അമ്മമാർക്ക് വേണ്ടിയുള്ള സിനിമയാണ്.
വൃദ്ധ സദനങ്ങളിലേക്ക് തള്ളപ്പെടുന്ന മാതാപിതാക്കളുടെ ഹൃദയ സ്പർശിയായ ഒരു കഥയാണ് ചിത്രം പറയുന്നത്.

ഇട്ടിമാണി എന്ന കഥാപാത്രം ലാലേട്ടന്റെ കയ്യിൽ ഭദ്രമായിരുന്നു. കുസൃതി നിറഞ്ഞ നോട്ടങ്ങൾ കൊണ്ടും നല്ല കോമഡി ടൈമിംഗ് ഒക്കെകൊണ്ടും ലാലേട്ടൻ നിറഞ്ഞുനിൽക്കുന്നുണ്ട് ചിത്രത്തിൽ.
തൃശൂർ സ്ലാങ് ലാലേട്ടൻ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.
അന്നാമ്മച്ചി ആയി രാധിക ശരത്കുമാറും മികച്ചു നിന്നു. മക്കളാൽ അവഗണിക്കപ്പെട്ട അമ്മയുടെ വേദനകൾ എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
എടുത്തു പറയേണ്ടത് തെയ്യാമ്മ ആയി എത്തിയ കെ പി എ സി ലളിതയുടെ പ്രകടനമാണ്.
ലാലേട്ടൻ ലളിതാമ്മ കോമ്പിനേഷൻ സീനുകൾ മികച്ചതായിരുന്നു.
ഫാദർ ജോൺ പോൾ ആയി എത്തിയ സിദ്ധിക്കും നല്ല പ്രകടനമായിരുന്നു .
സിദ്ധിക്ക ലാലേട്ടൻ കൂട്ടുകെട്ടിന്റെ നല്ല കുറച്ച് കോമഡി രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്.
അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും പലയിടത്തും നമ്മളെ ചിരിപ്പിക്കുന്നുണ്ട്.
നായിക ഹണി റോസ് ഏതാനും രംഗങ്ങളിൽ മാത്രമേ ചിത്രത്തിൽ എത്തുന്നുള്ളൂ.

ആദ്യപകുതിയുടെ അവസാന ഭാഗത്താണ് ചിത്രം കഥയിലേക്ക് കടക്കുന്നത്.
പറയാൻ ഉദ്ദേശിച്ച വിഷയം കൃത്യമായി അവതരിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ആദ്യ ചിത്രം നല്ല രീതിയിൽ തന്നെ ഒരുക്കാൻ സംവിധായകരായ ജിബി ജോജുവിന് കഴിഞ്ഞിട്ടുണ്ട്.
ഷാജി കുമാർ പകർത്തിയ മനോഹരമായ വിഷ്വൽസും 4 Musics ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മറ്റ് മികച്ച വശങ്ങൾ ആണ്.

ലാലേട്ടനിൽ നിന്ന് ഫാൻസ്‌ പ്രതീക്ഷിക്കുന്ന മാസ്സ് ഡയലോഗുകളോ ആക്ഷൻ രംഗങ്ങളോ ഒന്നും ചിത്രത്തിലില്ല.പക്ഷേ ആദ്യാവസാനം ചിത്രം ബോറടിക്കാതെ കണ്ടിരിക്കാം.
ലാലേട്ടന്റെ മികച്ച പ്രകടനവും ഉള്ളിൽ തട്ടുന്ന നല്ലൊരു കഥയും അത്യാവശ്യം കോമഡിയും ഒക്കെയായി കുടുംബ സമേതം ആസ്വദിക്കാവുന്ന ഒരു നല്ല സിനിമയാണ് ഇട്ടിമാണി.

മിഥുൻ മഹേഷ്‌

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer