Love Action Drama - Celebration Begins

 ഓണ ദിവസങ്ങൾ ആഘോഷമാക്കാൻ ഓണം  സിനിമകളും എത്തിത്തുടങ്ങി.
നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയാണ് ഓണം റിലീസ് ആയി ആദ്യമെത്തുന്നത്.
പേര് പോലെ തന്നെ പ്രണയവും ആക്ഷനും ഡ്രാമയുമെല്ലാം ചേരുംപടി ചേർത്ത് ഒരു പക്കാ എന്റർടൈനെർ ആയാണ് ചിത്രം എത്തിയിരിക്കുന്നത്.
യുവ പ്രേക്ഷകരുടെ പ്രിയതാരം നിവിൻ പോളി നായകനായി എത്തുമ്പോൾ  തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻ താരയാണ് നായികയായി എത്തുന്നത്.
നടൻ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അജു എത്തുന്നുമുണ്ട്.

ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, രഞ്ജി പണിക്കർ, മല്ലിക സുകുമാരൻ, ദുർഗ കൃഷ്ണ, ബേസിൽ ജോസഫ്, ജൂഡ് ആന്റണി ജോസഫ്, ബിജു സോപാനം, പ്രജിൻ പദ്മനാഭൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഷാൻ റഹ്മാൻ ചിത്രത്തിന് സംഗീതം പകരുമ്പോൾ  ജോമോൻ ടി ജോൺ ക്യാമറയും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

ബന്ധു ആയ സ്വാതിയുമായുള്ള പ്രണയ നൈരാശ്യത്തെ തുടർന്ന് മദ്യപാനവും അലമ്പുകളുമൊക്കെയായി ദിനേശന്റെ ജീവിതം മുന്നോട്ട് പോകുകയാണ്.
അതിനെല്ലാം കൂട്ടായ് ബന്ധുവായ സാഗർ അവനൊപ്പമുണ്ട്.
സ്വാതിയുടെ കല്യാണ ദിവസം അവിചാരിതമായാണ് ദിനേശൻ ശോഭയെ കണ്ടുമുട്ടുന്നത്. ആ നിമിഷം തൊട്ട് അവന് ശോഭയോട് പ്രണയം തോന്നിത്തുടങ്ങുന്നു.
തുടർന്ന് അവളെത്തേടി അവൻ ചെന്നൈയിൽ എത്തുന്നു.
തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ അവരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.

വളരെ രസകരമായാണ് ചിത്രത്തിലെ ഓരോ നിമിഷവും കടന്ന് പോകുന്നത്.
കോമഡിയും റൊമാൻസും കൈകാര്യം ചെയ്യുന്നതിലുള്ള നിവിൻ പോളിയുടെ മികവ് ദിനേശൻ എന്ന കഥാപാത്രത്തിന് ഗുണമാകുന്നുണ്ട്.
മികച്ച രീതിയിൽ തന്നെ നിവിൻ ദിനേശനെ അവതരിപ്പിച്ചിട്ടുണ്ട്.
നയൻ താരയുടെ അഭിനയ മികവിന് വെല്ലുവിളി ഉയർത്തുന്നത്തക്ക കഥാപാത്രമല്ല ചിത്രത്തിലേത് എങ്കിലും തന്റെ സ്വാഭാവിക മികവ് കൊണ്ട് ശോഭയെ മികച്ചതാക്കാൻ നയൻതാരയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സാഗർ ആയി എത്തിയ അജു വർഗീസും നല്ല പ്രകടനമായിരുന്നു.അതിഥി വേഷങ്ങളിൽ എത്തിയ ശ്രീനിവാസനും വിനീത് ശ്രീനിവാസനും തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.

തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി എന്നീ ചിത്രങ്ങളിലേത് പോലെ നിവിൻ പോളി അജു വർഗീസ് കൂട്ടുകെട്ടിന്റെ കോമഡി രംഗങ്ങളാണ് ഈ ചിത്രത്തിന്റെയും പ്രധാന ആകർഷണം.
പൊട്ടിച്ചിരിപ്പിക്കുന്ന ചില നല്ല കോമഡികൾ ചിത്രത്തിൽ കാണാം.

തിരക്കഥയിൽ പോരായ്മകൾ ഉണ്ടെങ്കിലും സംവിധായകൻ എന്ന നിലയിൽ ധ്യാൻ ശ്രീനിവാസൻ പ്രതീക്ഷ നൽകുന്നുണ്ട്. നല്ല രീതിയിൽ തന്നെ ധ്യാൻ ചിത്രം ഒരുക്കിയിട്ടുണ്ട്.
ഷാൻ റഹ്മാന്റെ സംഗീതവും ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ  മറ്റ് മികച്ച വശങ്ങൾ ആണ്.

ആദ്യാവസാനം ഒട്ടും ബോറടിപ്പിക്കാതെയാണ് ചിത്രം കഥ പറയുന്നത്. പലയിടത്തും ഉറക്കെ ചിരിക്കാനുള്ള അവസരവും സിനിമ നൽകുന്നുണ്ട്.
ഫെസ്റ്റിവൽ മൂഡിലുള്ള സിനിമയായത് കൊണ്ട് തന്നെ  ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ആസ്വദിക്കുവാൻ ഈ ചിത്രം തിരഞ്ഞെടുക്കാം.

മിഥുൻ മഹേഷ്‌

Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer