കെട്ട്യോളാണ് എന്റെ മാലാഖ - ഒരു മനോഹര കുടുംബ ചിത്രം👌👌

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് "കെട്ട്യോളാണ് എന്റെ മാലാഖ".
മാജിക്‌ ഫ്രെയിംസ് ന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേർന്നാണ്.
അജി പീറ്റർ തങ്കം ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വീണാ നന്ദകുമാർ ആണ് ചിത്രത്തിലെ നായിക.

ഒരു മനോഹരമായ കുടുംബ കഥയാണ് ചിത്രം പറയുന്നത്.
സ്ലീവാച്ചൻ എന്ന കർഷക യുവാവിനെയാണ്  സിഫ് അലി അവതരിപ്പിക്കുന്നത്.
പെങ്ങന്മാരെയെല്ലാം കെട്ടിച്ചയച്ചതോടെ വീട്ടിൽ സ്ലീവാച്ചനും അമ്മയും മാത്രമേ ഉള്ളൂ.
കല്യാണം ഒന്നും വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന സ്ലീവാച്ചൻ അമ്മയ്ക്ക് വയ്യാതെ ആകുന്നതോടെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു.

അങ്ങനെ റിൻസി സ്ലീവാച്ചന്റെ ഭാര്യ ആയി എത്തുന്നു.
ദാമ്പത്യ ജീവിതത്തെ കുറിച്ച് യാതൊന്നും അറിയാത്ത സ്ലീവാച്ചൻ നേരിടേണ്ടി വരുന്ന ചില അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്.
കെട്യോൾ ആണ് തന്റെ മാലാഖ എന്ന് സ്ലീവാച്ചൻ തിരിച്ചറിയുന്നിടത്ത് ചിത്രം ശുഭമായി പര്യവസാനിക്കുന്നു.

ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്.
ദാമ്പത്യ ജീവിതത്തിൽ  ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ലൈംഗീക ബന്ധം.
എന്നാൽ ലൈംഗീക ബന്ധത്തെ കുറിച്ച് യാതൊന്നും അറിയാത്ത ഒരാളുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ചില സംഭവങ്ങളെ ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഗൗരവകരമായ ഈ വിഷയം സഭ്യതയുടെ അതിരുകൾ ലംഘിക്കാതെ തന്നെ  ഭംഗിയായി അവതരിപ്പിച്ചതിൽ സംവിധായകൻ  നിസാം ബഷീർ അഭിനന്ദനം അർഹിക്കുന്നുണ്ട്.
വളരെ മനോഹരമായി തന്നെ തന്റെ ആദ്യ ചിത്രം ഒരുക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് ഈ ചിത്രത്തിലേത്.
മുണ്ടുടുത്ത് നടക്കുന്ന ഒരു സാധാരണ കർഷക യുവാവായ സ്ലീവാച്ചനെ  മനോഹരമായി തന്നെ ആസിഫ് അലി അവതരിപ്പിച്ചിട്ടുണ്ട്.നായിക വീണാ നന്ദകുമാറും നല്ല പ്രകടനം തന്നെ കാഴ്ച വെക്കുന്നുണ്ട്.
ഒരു പുതിയ ജീവിതത്തിലേക്ക് വന്ന് കയറുന്ന പെൺകുട്ടിയുടെ ആശങ്കകളും മാനസിക സംഘര്ഷങ്ങളും എല്ലാം വീണ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ആസിഫ് അലിയുടെ അമ്മ വേഷത്തിൽ എത്തിയ മനോഹരി ജോയും മികച്ച പ്രകടനമായിരുന്നു.
ബേസിൽ ജോസഫ്, റോണി ഡേവിഡ്, ജാഫർ ഇടുക്കി, രവീന്ദ്രൻ തുടങ്ങിയ പ്രധാന അഭിനേതാക്കൾ എല്ലാം നല്ല പ്രകടനമായിരുന്നു.

അഭിലാഷ് എസ് ന്റെ ക്യാമറ പച്ചയായ നാട്ടിന്പുറ കാഴ്ചകൾ ഒപ്പിയെടുത്തിട്ടുണ്ട്.
മറ്റ് സാങ്കേതിക രംഗങ്ങളിലും സിനിമ മികച്ചു നിൽക്കുന്നുണ്ട്.

ഇന്ന് നമ്മുടെ കുടുംബങ്ങളിൽ ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങളാണ് ലൈംഗീക അജ്ഞത, Marital Rape എന്നിവ.
അത്തരം പ്രശ്നങ്ങളിൽ നിന്നും എങ്ങനെ ഒരു നല്ല ദാമ്പത്യ ജീവിതത്തിലേക്കു എത്തുന്നു എന്നതാണ് സിനിമ പറയുന്നത്.
അശ്ലീലമോ ദ്വയാർത്ഥമോ ഇല്ലാതെ കയ്യടക്കത്തോടെ തന്നെ സിനിമ കഥ പറഞ്ഞ് പോകുന്നുണ്ട്.

ഒരിടത്തും മുഷിപ്പിക്കാതെ നല്ല കുറച്ച് നർമ്മ മുഹൂർത്തങ്ങളും ഒക്കെയായി  സീരിയസ് ആയി കഥ പറയുന്ന സിനിമയാണ് കെട്യോളാണ് എന്റെ മാലാഖ.
കുടുംബത്തോടൊപ്പം കാണാവുന്ന ഈ ചിത്രം നിങ്ങൾക്കേവർക്കും ഒരു നല്ല അനുഭവം സമ്മാനിക്കും.

        മിഥുൻ മഹേഷ്‌


Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer