ഒരു യമണ്ടൻ പ്രേമകഥ - Entertainer
ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരികെ എത്തുന്ന സിനിമയാണ് ഒരു യമണ്ടൻ പ്രേമകഥ.
ഹിറ്റ് കൂട്ടുകെട്ട് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ ടീം തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബി സി നൗഫൽ ആണ്.ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്.
സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ് നായികമാർ.
സലിം കുമാർ,സൗബിൻ ഷാഹിർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, രഞ്ജി പണിക്കർ, ധർമജൻ ബോൾഗാട്ടി, അരുൺ കുര്യൻ, ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് ,ബൈജു
തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കടമക്കുടി ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
പതിവ് പോലെ അത്യാവശ്യം ചിരിക്കും ചിന്തയ്ക്കുമായുള്ള ഒരു തിരക്കഥയാണ് ബിബിൻ വിഷ്ണു ടീം ഒരുക്കിയിട്ടുള്ളത്.
കൊമ്പനയിൽ ജോൺ സാറിന്റെ മൂത്ത മകനാണ് ലല്ലു.
ലല്ലു നൊസ്റ്റാൾജിയ ഏറെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനാണ്.
നാട്ടിലെ സാധാരണക്കാരായ ചെറുപ്പക്കാരെ പോലെ ജീവിക്കുന്ന ലല്ലു പാഞ്ചികുട്ടന്റെ
കൂടെ പെയിന്റിംഗ് പണിക്ക് പോകുന്നുണ്ട്.
പാഞ്ചികുട്ടനും ടെനിയും വിക്കിയും ആണ് അവന്റെ അടുത്ത സുഹൃത്തുക്കൾ. എന്തിനും ഏതിനും അവർ ഒപ്പം കാണും.
ലല്ലുവിന്റെ അനിയൻ പാപ്പിക്ക് വരുന്ന ഒരു നല്ല കല്യാണാലോചനയ്ക്ക് ലല്ലു തടസ്സമാകുന്നു.
തുടർന്ന് ലല്ലു ആദ്യം വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നു.
മുൻപും പല പെണ്ണുങ്ങളെയും ലല്ലു കണ്ടുവെങ്കിലും ഒറ്റ നോട്ടത്തിൽ ഒരു സ്പാർക് തോന്നുന്ന ഒരു പെൺകുട്ടിയെയാണ് അവന് വേണ്ടത്.
അവന്റെ പുറകെ നടക്കുന്ന ജെസ്‌നയോട് സ്പാർക് തോന്നിയില്ല എന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞു മാറുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം അവൻ ആഗ്രഹിക്കുന്ന പോലെ ഒരു പെൺകുട്ടിയെ അവൻ കണ്ടു മുട്ടുന്നു.
അവനും അവന്റെ സുഹൃത്തുക്കളും ചേർന്ന് ആ പെൺകുട്ടിയെ തേടി ഇറങ്ങുന്നു. അവന്റെ ആ യമണ്ടൻ പ്രേമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
മുൻ ചിത്രങ്ങളെ പോലെ തന്നെ ഹൃദയസ്പർശി ആയ കഥയാണ് ബിബിനും വിഷ്ണുവും ചേർന്ന് ഒരുക്കിയിട്ടുള്ളത്.
അത് നല്ല രീതിയിൽ സ്‌ക്രീനിൽ എത്തിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ദുൽഖർ energetic ആയി ലല്ലുവിനെ അവതരിപ്പിച്ചു. സംഘട്ടന രംഗങ്ങളും ദുൽഖർ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണൻ അന്ധനായ ടെനി ആയി മികച്ച പ്രകടനമായിരുന്നു.
വിഷ്ണുവിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ടെനി.സൗബിനും സലിം കുമാറും വിക്കി ആയും പാഞ്ചികുട്ടൻ ആയും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.
കുറച്ചേ ഉള്ളുവെങ്കിലും സുരാജ് വെഞ്ഞാറമൂട് ഞെട്ടിച്ചു കളഞ്ഞു.
നായികമാർ രണ്ട് പേരും കുറച്ച് രംഗങ്ങളിലേ വരുന്നുള്ളു.. ഇരുവരും നന്നായിട്ടുണ്ട്.
ഡേവിസ് എന്ന വില്ലൻ കഥാപാത്രം ആയി എത്തിയ ബിബിൻ ജോർജ്, കോട്ടയം പ്രദീപ്, രഞ്ജി പണിക്കർ, അശോകൻ തുടങ്ങി എല്ലാവരും അവരുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്.
സാങ്കേതിക പരമായും സിനിമ മികച്ച നിലവാരം പുലർത്തുന്നുണ്ട്.
നൊസ്റ്റാൾജിയയുടെ ചില നല്ല നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു യെമണ്ടൻ പ്രേമകഥ എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമാ അനുഭവമായിരിക്കും.
മിഥുൻ മഹേഷ്
Comments
Post a Comment