ഉയരേ - Excellent

അന്തരിച്ച പ്രമുഖ സംവിധായകൻ രാജേഷ് പിള്ളയുടെ സഹ സംവിധായകൻ ആയിരുന്ന മനു അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഉയിരേ.
കായംകുളം കൊച്ചുണ്ണിയുടെ വൻ വിജയത്തിന് ശേഷം ബോബി സഞ്ജയ്‌ തിരക്കഥ ഒരുക്കുന്ന ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമാതാവ് പി വി ഗംഗാധരന്റെ മക്കളായ ഷെനുഗ , ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
പാർവതി തിരുവോത്ത് ആണ് പല്ലവി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
യുവ നിരയിലെ മിന്നും താരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി എന്നിവരുടെ സാന്നിധ്യവും സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

ഉയരേ പല്ലവിയുടെ കഥയാണ്. പല്ലവിയുടെ ലക്ഷ്യത്തിന്റെയും അതിന് വേണ്ടിയുള്ള അവളുടെ ശ്രമങ്ങളുടെയും കഥ.
വീഴ്ചകളിൽ നിന്ന് തളരാതെ ഉയർത്തെഴുന്നേൽക്കുന്ന പല്ലവിയുടെ അതിജീവനത്തിന്റെ കഥ .

കുട്ടിക്കാലം തൊട്ടേ പൈലറ്റ് ആകുക എന്നതായിരുന്നു പല്ലവിയുടെ ലക്ഷ്യം.
അതിന് വേണ്ടിയുളള പരിശ്രമങ്ങൾക്ക് ഒടുവിൽ ആ ലക്ഷ്യത്തിന് അടുത്തെത്തുന്നു.
എന്നാൽ ഗോവിന്ദുമായുള്ള അവളുടെ പ്രണയം പലപ്പോഴും അവൾക്ക് വിലങ്ങുതടി ആകുന്നു.
പരസ്പരം മനസ്സിലാക്കിയുളള രണ്ട് മനസ്സുകളുടെ ഒത്തുചേരൽ ആണല്ലോ പ്രണയം. എന്നാൽ സ്വാർത്ഥനായ ഗോവിന്ദ് അവളെ അവളുടെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു . അവളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ വരെ ഗോവിന്ദ് ഇടപെടാൻ തുടങ്ങുന്ന അവസ്ഥയിൽ പല്ലവി അവനിൽ നിന്ന് അകലാൻ ശ്രമിക്കുന്നു .
ഒടുവിൽ പല്ലവിയുടെ സുന്ദരമായ മുഖത്ത് അവൻ ആസിഡ് ഒഴിക്കുന്നു .
അവളുടെ മോഹങ്ങളും ലക്ഷ്യങ്ങളും വെന്തുപോയ പാതി മുഖത്തിനു മുന്നിൽ നിന്ന് അകന്ന് പോകുന്നു.
ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മരണത്തിനു തുല്യമായ അവസ്ഥയിൽ നിന്നും അവൾ ഉയിർത്തെഴുന്നേൽക്കുന്നു.
അവളുടെ അതിജീവനത്തിന്റെ കഥയാണ് പിന്നീട് നമ്മൾ കാണുന്നത്.
ഒടുവിൽ അവൾ ഏറെ കൊതിച്ച പൈലറ്റ് ജോലി ഒരു നിയോഗമെന്ന പോലെ അവളെ തേടി എത്തുന്നിടത്ത് സിനിമ പൂർണമാകുന്നു.

നിറ കണ്ണുകളോടെയേ ചിത്രം കാണുവാൻ കഴിയൂ. പല്ലവി ആയുളള പാർവതിയുടെ പ്രകടനം കണ്ണും മനസ്സും നിറയ്ക്കും.

ടേക് ഓഫിന് ശേഷം പാർവതിയുടെ മറ്റൊരു മികച്ച പ്രകടനമാണ് ചിത്രത്തിലേത്.
പല്ലവിയുടെ തിരിച്ചുവരവിന് കാരണമാകുന്ന വിശാൽ എന്ന കഥാപാത്രമായി ടോവിനോ തോമസ് കയ്യടി നേടുന്നുണ്ട്.
ഗോവിന്ദ് ആയുള്ള ആസിഫ് അലിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.
പല്ലവിയുടെ അച്ഛനായി അഭിനയിച്ച സിദ്ധിക്കും മികച്ച പ്രകടനമായിരുന്നു.
പല്ലവിയുടെ കൂട്ടുകാരി ആയി അഭിനയിച്ച അനാർക്കലി മരക്കാറിന്റെ പ്രകടനവും നന്നായിരുന്നു.

ബോബി സഞ്ജയ്‌ മാരുടെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.
മനു അശോകൻ ആദ്യ ചിത്രം ഗംഭീരമാക്കി.
ഗോപി സുന്ദറിന്റെ സംഗീതം, മുകേഷ് മുരളീധരന്റെ ക്യാമറ, മഹേഷ്‌ നാരായണന്റെ എഡിറ്റിങ് തുടങ്ങി സാങ്കേതിക പരമായും ചിത്രം മികച്ചു നിൽക്കുന്നു.


ലക്ഷ്യങ്ങളിലേക്ക് കുതിക്കുമ്പോഴും ജീവിതത്തിൽ വഴുതി വീണ് തകർന്ന് പോകുന്ന ഓരോരുത്തർക്കും പ്രചോദനം നൽകുവാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.
അങ്ങനെ പാതി വഴിയിൽ തളർന്നു പോകേണ്ടതല്ല ജീവിതം അത് ഉയരേക്ക് പോകുക തന്നെ വേണം...
ഒരു നല്ല സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഉയരേയ്ക്ക് ടിക്കറ്റ് എടുക്കാം.
ഓരോ പ്രേക്ഷകർക്കും അത്  പുത്തൻ ഒരു അനുഭവം  സമ്മാനിക്കും.


മിഥുൻ മഹേഷ്‌


Comments

Popular posts from this blog

സൂഫിയും സുജാതയും ഒരു മനോഹര പ്രണയ ഗാഥ

അയ്യപ്പനും കോശിയും - തുല്യ ശക്തികളുടെ പോരാട്ടം👌

Viswaasam - Mass Entertainer