ചിരിയുടെ "ചിൽഡ്രൻസ് പാർക്ക്‌"

മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റുകൾ സൃഷ്ടിച്ച ഷാഫി -റാഫി കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ചിൽഡ്രൻസ് പാർക്ക്‌.
റാഫിയുടെ രചനയിൽ ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് രൂപേഷ് ഓമന, മിലൻ ജലീൽ എന്നിവരാണ്.
മാനസ രാധാകൃഷ്ണൻ, സൗമ്യ മേനോൻ, ഗായത്രി സുരേഷ് എന്നിവരാണ് നായികമാർ.
അരുൺ രാജ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു .
ഫൈസൽ അലി ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഹരീഷ് കണാരൻ, ജോയ് മാത്യു, റാഫി, നോബി, ജൈസ് ജോസ്, ശിവജി ഗുരുവായൂർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഋഷിയും ജെറിയും വളരെ അടുത്ത സുഹൃത്തുക്കളാണ്.
ജെറിയുടെ ഓരോ ഉപദേശങ്ങൾ കേട്ട് ഋഷി പലപ്പോഴും അബദ്ധങ്ങളിൽ ചെന്ന് ചാടാറുണ്ട്. സ്വത്തിനു വേണ്ടി സ്വന്തം അച്ഛനെതിരെ കേസ് കൊടുക്കുക വരെ  ഋഷി ചെയ്തു.
ഒടുവിൽ ഋഷിക്ക് അവകാശപ്പെട്ട സ്വത്ത്‌ മുഴുവനും ഒരു അനാഥാലയത്തിന് എഴുതി വച്ച്  അച്ഛൻ മരിക്കുന്നു.
ആ പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഋഷിയും ജെറിയും ചിൽഡ്രൻസ് പാർക്ക്  എന്ന ആ അനാഥാലയത്തിൽ എത്തുന്നു.
യുവ രാഷ്ട്രീയ പ്രവർത്തകനായ  ലെനിൻ അടിമാലിയും കൂടി ഇവർക്കൊപ്പം ചേരുന്നു.
ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്ന് രക്ഷപെട്ടു എത്തുന്ന കുറച്ച് കുട്ടികൾ ആ അനാഥാലയത്തിൽ എത്തുന്നു .
ഒരു ലക്ഷ്യബോധവും ഇല്ലാതെ പണത്തിന് പിന്നാലെ കറങ്ങിയിരുന്ന ആ  ചെറുപ്പക്കാരുടെ ജീവിതത്തിൽ ആ അനാഥാലയവും കുട്ടികളും അവിടേക്കു വരുന്ന മൂന്ന് പെൺകുട്ടികളും എങ്ങനെ മാറ്റം വരുത്തുന്നു എന്നാണ്  സിനിമ പറയുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ജെറിയെ അവതരിപ്പിക്കുന്നത്. മികച്ച പ്രകടനമായിരുന്നു വിഷ്ണുവിന്റേത്.
ഋഷി ആയി എത്തിയ ധ്രുവന്റെ പ്രകടനവും നന്നായിരുന്നു .
ലെനിൻ അടിമാലി ആയി എത്തിയ ഷറഫുദീൻ പതിവുപോലെ തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്.
ഹരീഷ് കണാരൻ പതിവുപോലെ സ്വതസിദ്ധമായ ശൈലിയിൽ കോമഡി രംഗങ്ങളിൽ ഒക്കെ മികച്ചു നിൽക്കുന്നുണ്ട്.

ആദ്യാവസാനം ഒരു ചിരി വിരുന്നാണ് സിനിമ സമ്മാനിക്കുന്നത്.
ഒരിടത്തും ബോറടിപ്പിക്കാതെയാണ് സിനിമ മുന്നേറുന്നത് .
പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്  .
ഹരീഷ് കണാരന്റെയും വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും ഷറഫുദീന്റെയും ഒക്കെ മികച്ച കോമഡി രംഗങ്ങൾ സിനിമയിൽ ഉണ്ട്.

കഥയിലോ അവതരണത്തിലോ യാതൊരു പുതുമയും ചിത്രത്തിന് അവകാശപ്പെടാൻ ഇല്ല.
കുട്ടികളോടുമൊത്തു കുടുംബ സമേതം രസിച്ചു കാണാൻ കഴിയുന്ന സിനിമയാണ് ചിൽഡ്രൻസ് പാർക്ക്‌.
അതുകൊണ്ട് തന്നെ ചിരിക്കാൻ വേണ്ടി മാത്രം ചിൽഡ്രൻസ് പാർക്കിന് ടിക്കറ് എടുക്കാം..

മിഥുൻ മഹേഷ്‌




Comments

Popular posts from this blog

Sarkar Movie Review

Viswaasam - Mass Entertainer

HELEN- Awesome Thriller👌👌🙏